print edition പശ്ചിമേഷ്യ പ്രതിസന്ധി ; സൗദി കപ്പൽ കൊല്ലം തുറമുഖത്ത്

അമല്‍ ഷൈജു
Published on Mar 03, 2026, 02:22 AM | 1 min read
കൊല്ലം
പശ്ചിമേഷ്യയിലെ പ്രതിസന്ധിയെതുടർന്ന് സൗദി കപ്പൽ കൊല്ലത്ത് അടുപ്പിച്ചു. ചൈനയിൽനിന്ന് പുറപ്പെട്ട "സാക്കി വിഷനാ'ണ് കൊല്ലം തുറമുഖത്ത് അടിയന്തരമായി നങ്കൂരമിട്ടത്. ചൈനയിൽ 2026ല്‍ നിർമാണം പൂർത്തിയാക്കിയ കപ്പലിന്റെ സൗദിയിലേക്കുള്ള കന്നിയാത്രയായിരുന്നു. 30കോടി രൂപയായിരുന്നു നിർമാണച്ചെലവ്.
അഞ്ച് ഫിലിപ്പീൻസുകാരും എട്ട് ഇന്തോനേഷ്യക്കാരും ഉൾപ്പെടെ 12പേരാണ് കപ്പലിലുള്ളത്. കടലിൽ വിവിധ നിർമാണം, അപകടം തുടങ്ങിയ സാഹചര്യങ്ങളിൽ സഹായമെത്തിക്കാനുള്ള ഓഫ്‌ഷോർ സപ്പോർട്ടിങ് വെസ്സലാണിത്. ഫെബ്രുവരി 20ന് ചൈനയിൽനിന്ന് പുറപ്പെട്ട് ഈ മാസം ഒമ്പതിന് സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്ത് എത്തുകയായിരുന്നു ലക്ഷ്യം. ഹോങ്കോങ്ങിൽനിന്ന് ഇന്ധനം നിറച്ചശേഷം വിഴിഞ്ഞം പോർട്ടിനുസമീപം എത്തുമ്പോഴാണ് സംഘർഷം രൂക്ഷമായത്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും പ്രതിസന്ധിയായി. കപ്പൽ കമ്പനി സീ ഈഗിൾസ് പാക്സ് ഷിപ്പിങ് ഏജൻസിയുമായി ബന്ധപ്പെട്ട് കപ്പൽ കൊല്ലം തുറമുഖത്ത് അടുപ്പിക്കാൻ അനുമതി തേടി. മറ്റു തുറമുഖങ്ങളെപ്പോലെ ചരക്കുനീക്കം സജീവമല്ലാത്തതിനാലാണ് കൊല്ലം തെരഞ്ഞെടുത്തതെന്ന് പാക്സ് ഷിപ്പിങ് ഡയറക്ടർ ജോർജ് സേവ്യർ പറഞ്ഞു. എത്രനാൾ കൊല്ലത്ത് തുടരേണ്ടിവരുമെന്നതിൽ വ്യക്തതയില്ല. ജീവനക്കാർക്ക് കരയിൽ ഇറങ്ങാൻ അനുമതിയില്ല. 20 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കരുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തിങ്കൾ രാവിലെ 10.30ന് കൊല്ലം തുറമുഖത്തെത്തിയ കപ്പലിൽ കസ്റ്റംസും പോർട്ട് ട്രസ്‌റ്റും പൊലീസും പരിശോധന നടത്തി. 25 ടൺ ക്രെയിൻ ശേഷിയുള്ള അപൂർവ വെസലാണിത്. കൊച്ചി പുറംകടലിൽ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടപ്പോൾ സഹായം എത്തിച്ചത് ഇത്തരം ഓഫ്‌ഷോർ സപ്പോർട്ടിങ് വെസലുകളാണ്.










0 comments