ad
Deshabhimani

print edition സിനിമയിലെ വി കെ എൻ : സത്യൻ അന്തിക്കാട്‌

Screenshot from 2025-12-21 00-53-50
വെബ് ഡെസ്ക്

Published on Dec 21, 2025, 12:53 AM | 3 min read

സിനിമാരംഗത്ത്‌
എം ടിക്കും പത്മരാജനും ശേഷംവന്ന ഏറ്റവും മികച്ച എഴുത്തുകാരനായിരുന്നു
ശ്രീനി. എന്നാൽ,
ആ നിലയ്‌ക്കുള്ള പരിഗണന അദ്ദേഹത്തിന്‌ കിട്ടിയില്ല. എത്ര വൈവിധ്യപൂർണമായ തിരക്കഥകളാണ്‌
ശ്രീനി എഴുതിയത്‌ - സത്യൻ അന്തിക്കാട്‌ എഴുതുന്നു.


sathyan anthikkad


മുത്താരംകുന്ന്‌ പിഒ കണ്ടിട്ടാണ്‌ ശ്രീനിവാസനെ ഞാൻ ശ്രദ്ധിക്കുന്നത്‌. വ്യത്യസ്‌തമായ ഡയലോഗുകളും സ്‌ക്രീൻ പ്ലേയുമൊക്കെയായി അതെന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ അന്ന്‌ മിക്കവാറും മദ്രാസിലാണ്‌. ശ്രീനി അങ്ങനെ മനസ്സിൽ കിടന്നു. പിന്നീട്‌, ‘ടി പി ബാലഗോപാലൻ എംഎ’ യുടെ ആശയം രൂപംകൊണ്ടപ്പോൾ എഴുതാൻ ആരാണ്‌ എന്ന ആലോചനയിലാണ്‌ വീണ്ടും ശ്രീനിവാസൻ ഓർമയിലേക്ക്‌ വന്നത്‌.


അന്ന്‌ ഞങ്ങൾ രണ്ടുപേർക്കും ഫോണില്ല. നെടുമുടി വേണുവിന്റെ കൈയിൽനിന്ന്‌ വിലാസം വാങ്ങി തലശേരിയിലുള്ള ശ്രീനിവാസന്റെ വീട്ടിലേക്ക്‌ ടെലിഗ്രാം ചെയ്‌തു. ഇന്നദിവസം ഇത്രമണിക്ക്‌ മദ്രാസ്‌ വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ എത്തണം എന്നതരത്തിൽ ഒന്ന്‌. പറഞ്ഞസമയത്ത്‌ ശ്രീനി സ്ഥലത്തെത്തി. ഞാൻ കാര്യം പറഞ്ഞു. ‘‘ഞാൻ എഴുത്തുകാരനൊന്നുമല്ല. ഒരു സ്‌ക്രിപ്‌റ്റ്‌ എഴുതിത്തീർക്കാൻ കഴിയുമോ എന്ന്‌ ഉറപ്പില്ല’’ എന്നായിരുന്നു മറുപടി. എന്റെ മനസ്സിൽ ഒരു ത്രെഡ്‌ ഉണ്ട്‌ എന്നുപറഞ്ഞ്‌ ഞാൻ കഥ പറഞ്ഞു. ഇത്‌ കേട്ടതോടെ അയാൾ ചാർജ്‌ഡ്‌ ആയി. ‘‘നിങ്ങൾകൂടി ഇരിക്കുമെങ്കിൽ നമുക്ക്‌ ഡിസ്‌കസ്‌ ചെയ്‌ത്‌ നോക്കാം’’ എന്നായി ശ്രീനി. പിന്നീട്‌ ഞങ്ങൾ രണ്ടുപേരും ഇരുന്ന്‌ ചർച്ച ചെയ്‌താണ്‌ ‘ടി പി ബാലഗോപാലൻ എംഎ’ പൂർത്തിയാക്കിയത്‌.


മദ്രാസിലെ ഹോട്ടൽ മുറിയിലിരുന്ന്‌ ഞങ്ങൾ ചർച്ചചെയ്‌തത്‌ സിനിമയേക്കാളേറെ ഞങ്ങളെപ്പറ്റിത്തന്നെയായിരുന്നു. സിനിമയ്‌ക്കപ്പുറം ഞങ്ങൾ തിരിച്ചറിയുകയായിരുന്നു. ഒരേ വേവ്‌ലെങ്‌ത്‌ ഉള്ള ആളുകളാണെന്ന്‌ മനസ്സിലാക്കി. ഏതാണ്ട്‌ ഒരേ സാമൂഹ്യ–രാഷ്‌ട്രീയ പശ്‌ചാത്തലത്തിൽനിന്ന്‌ വരുന്നവർ. ഞാൻ അന്തിക്കാട്ടുനിന്നും ശ്രീനി പാട്യത്തുനിന്നും. എന്റെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവായിരുന്നു ടി പി ബാലഗോപാലൻ എംഎ. അവിടെനിന്നാണ്‌ എന്റെ ഏറ്റവും വലിയ സ‍ൗഹൃദവും ഒരുപാടുസിനിമകളും പിറന്നത്‌. ചില വർഷങ്ങളിൽ ഞങ്ങളുടെ വീടുകളിൽ കഴിഞ്ഞതിനേക്കാൾ കൂടുതൽ ഞാനും ശ്രീനിയും ഒന്നിച്ചാണ്‌ താമസിച്ചത്‌. എനിക്ക്‌ ഏറ്റവും നന്നായി കമ്യൂണിക്കേറ്റ്‌ ചെയ്യാവുന്ന എഴുത്തുകാരനും സുഹൃത്തും ശ്രീനിയായിരുന്നു. സമൂഹത്തെ നിരീക്ഷിക്കുന്നവരാണ്‌ രണ്ടുപേരും. ജീവിതത്തെ നോക്കിയാണ്‌ സിനിമകൾ ഉണ്ടാക്കിയത്‌. സന്ദേശം തൊണ്ണൂറുകളിലെ രാഷ്‌ട്രീയ പശ്ചാത്തലത്തിൽ ഉണ്ടായതാണ്‌. അത്‌ അണികളുടെ കഥയാണ്‌. അതിൽ ഒരു പഞ്ചായത്ത്‌ മെന്പർ പോലുമില്ല. ഒരു ത്രെഡും വൺലൈനും കൊടുത്താൽ ബാക്കി ശ്രീനി കൈകാര്യം ചെയ്‌തുകൊള്ളും. ഞാൻ ഒരു ഷോട്ട്‌ എടുക്കുന്പോൾ ശ്രീനി ഇപ്പുറത്തിരുന്ന്‌ അടുത്ത രംഗത്തിലെ സംഭാഷണം തയ്യാറാക്കുന്നുണ്ടാകും. സന്പൂർണമായ സ്‌ക്രിപ്റ്റും സ്‌ക്രീനുമായി ഞങ്ങൾ ഒരു സിനിമപോലും ചെയ്‌തിട്ടില്ല.


അതേസമയം, ഞാൻകൂടിയില്ലാതെ ശ്രീനി ഒരു സീൻപോലും എഴുതിയിട്ടുമില്ല. ഞാൻ പുറത്തേക്കുപോയൽ അയാൾ കടലാസ്‌ മടക്കിവയ്‌ക്കും. ഇടത്തരക്കാരിൽത്തന്നെ സാന്പത്തികമായി പിന്നാക്കംനിൽക്കുന്നവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലൂടെയും ഞങ്ങൾ സഞ്ചരിച്ചിട്ടുണ്ട്‌. ഞങ്ങൾ കാണുകയും ജീവിക്കുകയും ചെയ്‌ത പശ്‌ചാത്തലത്തിൽനിന്നാണ്‌ ഞങ്ങളുടെ സിനിമ രൂപംകൊണ്ടത്‌. കാൽപ്പനിക കഥാപാത്രങ്ങളെയല്ല സൃഷ്ടിച്ചത്‌. വിഷയങ്ങൾ തീർന്നു എന്ന്‌ കരുതുന്നയിടത്തുനിന്ന്‌ പുതിയ ത്രെഡുകൾ ഉണ്ടായി. വ്യക്തമായ കാഴ്‌ചപ്പാടും അഭിപ്രായങ്ങളുമുണ്ടായിരുന്നു ശ്രീനിക്ക്‌. ഒരു പാർടിയോടും ആഭിമുഖ്യമോ വെറുപ്പോ ഉണ്ടായിരുന്നില്ല. നർമത്തിന്റെ മൂർച്ചയോടെ വിമർശങ്ങൾ ഉന്നയിച്ചു. പലപ്പോഴും പറയുന്ന വാക്കുകൾ ഒന്നും ഉള്ളിൽവച്ചോ വിരോധംകൊണ്ടോ ആവില്ല. പക്ഷേ, അതുകൊണ്ട്‌ ശ്രീനി തങ്ങൾക്കെതിരാണ്‌ എന്നതോന്നൽ പലർക്കും ഉണ്ടായിട്ടുണ്ട്‌.


സാഹിത്യത്തിൽ വി കെ എൻ പോലെയാണ്‌ സിനിമയിൽ ശ്രീനിവാസൻ. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഇ‍ൗ നർമയുക്തിയുണ്ടായിരുന്നു. ഒരിക്കൽ അന്തിക്കാട്ടെ എന്റെ വീട്ടിൽ ശ്രീനി വന്ന സമയത്ത്‌ നാട്ടുകാരായ ചിലർ എന്തോ ആവശ്യത്തിന്‌ വന്നു. ശ്രീനിയുമായി സംസാരിച്ചുകൊണ്ടിരിക്കെ അസുഖം എങ്ങനെയുണ്ട്‌ എന്ന്‌ ഒരാൾ ചോദിച്ചു. ‘‘അസുഖമൊക്കെ നന്നായിപ്പോകുന്നു’’ എന്നായിരുന്നു മറുപടി. വലിയ വായനക്കാരനായിരുന്നു. ആവശ്യമുള്ളത്‌ തേടിപ്പിടിച്ച്‌ വായിക്കുമായിരുന്നു. അടുത്തിടെ മൂലധനം വായിക്കണം, പുസ്‌തകം എവിടെക്കിട്ടും എന്നായിരുന്നു അന്വേഷണം. ഒടുവിൽ ശ്രീകാന്ത്‌ കോട്ടയ്‌ക്കലാണ്‌ കൊണ്ടുകൊടുത്തത്‌. മോഹൻലാലും കൂടിച്ചേർന്നതാണ്‌ ഞങ്ങളുടെ സിനിമാ ടീം. ഒരു കഥ പ്ലാൻചെയ്യുന്നതുതന്നെ മോഹൻലാലിനെ മനസ്സിൽ കണ്ടിട്ടായിരുന്നു. അന്നയാൾ സൂപ്പർസ്‌റ്റാറായിട്ടില്ല. ‘അപ്പുണ്ണി ’ മുതലേ ലാലിന്റെ ശേഷി ഞാൻ മനസ്സിലാക്കിയിട്ടുണ്ട്‌. സിനിമാരംഗത്ത്‌ എം ടിക്കും പത്മരാജനുംശേഷം വന്ന ഏറ്റവും മികച്ച എഴുത്തുകാരനായിരുന്നു ശ്രീനി. എന്നാൽ, ആ നിലയ്‌ക്കുള്ള പരിഗണന അദ്ദേഹത്തിന്‌ കിട്ടിയില്ല. എത്ര വൈവിധ്യപൂർണമായ തിരക്കഥകളാണ്‌ ശ്രീനി എഴുതിയത്‌. എനിക്കെഴുതിയ സിനിമകളുടെ പാറ്റേണായിരുന്നില്ല കമലിനുവേണ്ടി എഴുതിയത്‌.


സിബി മലയിലിനും പ്രിയദർശനുമെല്ലാം വേണ്ടി തീർത്തും വ്യത്യസ്‌തമായ തിരക്കഥകൾ ഒരുക്കി. ഇവയിൽനിന്നെല്ലാം വ്യത്യസ്‌തമായിരുന്നു താൻ സംവിധാനം ചെയ്‌ത സിനിമകൾക്കായി എഴുതിയത്‌. ജീവിതത്തെ നന്നായി നിരീക്ഷിക്കുമായിരുന്നു. മാമുക്കോയയെ കൊണ്ടുവന്നത്‌ ശ്രീനിവാസനായിരുന്നു. ‘ഗാന്ധിനഗർ സെക്കൻഡ്‌ സ്‌ട്രീറ്റ്‌’ തുടങ്ങുന്ന സമയത്താണ്‌. മോഹൻലാലിന്റെ സുഹൃത്തായി ഒരു പുതുമുഖത്തെ കൊണ്ടുവരാൻ തീരുമാനിച്ചു. ശ്രീനിവാസൻ പറഞ്ഞിട്ടുവരുന്നു എന്നുപറഞ്ഞാണ്‌ മാമുക്കോയ വരുന്നത്‌. കണ്ടപ്പോൾ എനിക്ക്‌ പിടിച്ചില്ല. അയാൾ പോയപ്പോൾ ഞാൻ ശ്രീനിയോട്‌ പറഞ്ഞു ‘മോഹൻലാലിന്റെ സുഹൃത്താകാൻ ഇയാൾ മതിയോ. കുറച്ചുകുടി സ‍ൗന്ദര്യം വേണ്ടേ...’. ഉടൻ ശ്രീനിയുടെ മറുപടി വന്നു ‘മോഹൻലാൻ സുന്ദരനാണ്‌. അയാളുടെ സുഹൃത്തുക്കളൊക്കെ സുന്ദരൻമാരാകണമെന്നുണ്ടോ. നിങ്ങൾ അഭിനയിപ്പിച്ചുനോക്ക്‌. പറ്റിയില്ലെങ്കിൽ പറഞ്ഞുവിട്‌’.


സിനിമയിൽ സ്വയം മാർക്കറ്റ്‌ ചെയ്യാനോ പ്രതിഫലം കണക്കുപറഞ്ഞ്‌ വാങ്ങാനോ ശ്രീനിക്കറിയില്ല. മറ്റുള്ളവരുടെ വിഷമം കണ്ട്‌ കരയുന്നയാളാണ്‌. അത്‌ മുതലെടുത്ത്‌ പലരും പറ്റിക്കുമായിരുന്നു. എല്ലാ തെരഞ്ഞെടുപ്പിലും കൃത്യമായി വോട്ട്‌ചെയ്യുകയും അത്‌ പ‍ൗരന്റെ പ്രിവിലേജാണ്‌ എന്ന്‌ വിശ്വസിക്കുകയും ചെയ്‌തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home