'അന്ന് ഫോട്ടോസ്റ്റാറ്റ്, ഇന്ന് പച്ചക്കള്ളം'; പാഠപുസ്തക വിതരണത്തിൽ സതീശന്റെ വാദം പൊളിയുന്നു

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തക വിതരണം വൈകിയതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന അവകാശവാദങ്ങൾ വാസ്തവവിരുദ്ധം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പാഠ പുസ്തകം വൈകിയത് ഒരു വർഷം മാത്രമാണെന്നാണ് സതീശൻ പറയുന്നത്. അക്കാലത്തെ അനുഭവസ്ഥർ മിക്കവരും പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയും ചെയ്ത് ജീവിക്കുകയാവും. അവരുടെ രക്ഷിതാക്കളും ആ ദിവസങ്ങൾ ഓർത്തിരിക്കാൻ വഴിയില്ല. എന്നാൽ മുൻകാല സഭാരേഖകളും മാധ്യമവാർത്തകളും എല്ലാം മിക്ക മാധ്യമ ആർക്കൈവ്സിലുമുണ്ട്.
ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചു വർഷക്കാലയളവിൽ ഒരിക്കൽ മാത്രമാണ് പുസ്തക വിതരണം വൈകിയതെന്ന സതീശന്റെ വാദം തെറ്റാണെന്ന് 2011 മുതൽ 2015 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്ന വർഷം വിതരണത്തിൽ ചെറിയ കാലതാമസമുണ്ടായെങ്കിലും വലിയ പരാതികൾ ഉയർന്നില്ല. അച്ചടി വി എസ് സർക്കാരിൻ്റെ കാലത്ത് തന്നെ പൂർത്തിയായിരുന്നു. 2012-ൽ അധ്യയന വർഷം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും 40 ശതമാനം പുസ്തകങ്ങൾ മാത്രമാണ് വിതരണം ചെയ്തതെന്നും പലയിടത്തും പിടിഎ മുൻകൈ എടുത്ത് ഫോട്ടോസ്റ്റാറ്റ് നൽകേണ്ടി വന്നതായും രേഖകൾ പറയുന്നു. നിയമസഭയിൽ പ്രതിപക്ഷം സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.
2013-ൽ നവംബർ മാസമായിട്ടും രണ്ടാം വാല്യം പുസ്തകങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് വലിയ വിദ്യാർത്ഥി സമരങ്ങൾ അരങ്ങേറിയിരുന്നു. പുസ്തകം ലഭിക്കാതായതോടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പുകളെയും കാര്യമായി ബാധിച്ചു. ഏറ്റവും രൂക്ഷമായ പ്രതിസന്ധി ഉണ്ടായത് 2015-ലാണ്. ആഗസ്ത് മാസമായിട്ടും 43 ലക്ഷത്തോളം പുസ്തകങ്ങൾ അച്ചടി പൂർത്തിയാകാതെ വന്നതിനെത്തുടർന്ന് ഓണ പരീക്ഷകൾ പോലും മാറ്റിവെക്കേണ്ടി വന്നു.
"ഓണം നേരത്തെ വന്നതുകൊണ്ടാണ് പ്രതിസന്ധി ഉണ്ടായത്" എന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രസ്താവന വലിയ പരിഹാസങ്ങൾക്ക് ഇടയാക്കിയിരുന്നു. മുൻകാലങ്ങളിലെ ഇത്തരം ഗുരുതരമായ വീഴ്ചകൾ മറച്ചുവെച്ചുകൊണ്ടാണ് നിലവിലെ പുസ്തക വിതരണത്തെ പ്രതിപക്ഷം വിമർശിക്കുന്നത്. ഇതിനാവശ്യമായ നുണകൾ ടൺ കണക്കിന് സപ്ലൈ ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മത്സരിക്കുകയാണ്.










0 comments