print edition പിഎം ശ്രീയിൽ സതീശന്റെ വാദം തെറ്റ്: ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീയില്‍നിന്ന് കേരളത്തിന് പുറത്തുകടക്കാനാകില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി ഭരണഘടനയുടെ ആർട്ടിക്കിൾ 299 വായിച്ചുനോക്കണം. രാഷ്ട്രപതിയോ ഗവർണറോ അല്ലാതെ ആര് എന്ത് ഒപ്പിട്ടാലും കാര്യമില്ല. ഇൗ കരാർ വെറും കടലാസ് മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സതീശന് ആര്‍എസ്എസിന്റെ വിദ്യാഭ്യാസ കാര്യപരിപാടിയില്‍നിന്ന് പുറത്തുകടക്കാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തിയുണ്ടോ എന്ന് വ്യക്തമാക്കണം. ബിജെപിക്കുവേണ്ടിയുള്ള വക്കാലത്ത് മുഖ്യമന്ത്രി അവസാനിപ്പിക്കണം.
സതീശന്‍ ദിവസവും വെളിപ്പെടുത്തുന്നത് ബിജെപിയോടുള്ള വിധേയത്വമാണ്. ആ വിധേയത്വം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട് മൂടിവെക്കാനാണ് വിചിത്രവാദങ്ങള്‍ നിരത്തുന്നത്. പദ്ധതിയിൽനിന്ന് പിന്നോട്ടുപോകില്ല എന്നാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ അറബിക്കടലില്‍ താഴ്‌ത്തുമെന്ന് പറഞ്ഞ ലീഗും കോണ്‍ഗ്രസും അടങ്ങുന്ന യുഡിഎഫ് ഇപ്പോള്‍ അതിന്റെ ഏറ്റവും വലിയ വക്താക്കളായി മാറി– ബിനോയ് വിശ്വം പറഞ്ഞു.










0 comments