ad
Deshabhimani

സതീശാ... ഭയക്കില്ല, കാരണം ഇത്‌ കോൺഗ്രസല്ല

congreess bjp.JPG
avatar
റഷീദ്‌ ആനപ്പുറം

Published on May 27, 2026, 01:52 PM | 3 min read

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കു മുമ്പിൽ മുട്ടുവിറച്ച്‌ ബിജെപി കൂടാരത്തിൽ അഭയം പ്രാപിച്ച കോൺഗ്രസ്‌ നേതാക്കളുടെയും മുൻ മുഖ്യമന്ത്രിമാരുടെയും വഴി സ്വീകരിക്കാത്തവരെ ഏത്‌ വിധേനയും കള്ളക്കേസിൽ കുരുക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇ ഡി) നടത്തുന്ന റെയ്‌ഡ്‌. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ്‌ കെജ്‌രിവാളിന്റെ അനുഭവം നമുക്കുമുൻപിലുണ്ട്‌. അവിടെ മദ്യനയമായിരുന്നു ഇ ഡിയുടെ ആയുധമെങ്കിൽ ഇവിടെ എക്‌സാലോജിക്കാണ്‌. ഇ ഡിയുടെ വേട്ടയ്‌ക്ക്‌ കൂട്ടുനിൽക്കുകയാണ്‌ കോൺഗ്രസ്‌. എന്നാൽ കോൺഗ്രസിന്റെ അനുഭവം നോക്കാം.


ഇന്ന്‌ രാജ്യത്ത്‌ ബിജെപിയുടെ മൂന്ന്‌ മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസുകാരാണ്. കഴിഞ്ഞ 12 വർഷത്തിനിടെ കോൺഗ്രസ്‌ വിട്ടത്‌ 400ലേറെ നേതാക്കളും ജനപ്രതിനിധികളുമാണ്‌. മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, മന്ത്രിമാർ, പിസിസി അധ്യക്ഷൻമാർ തുടങ്ങി നൂറിലധികം എംഎൽഎമാരും നിരവധി എംപിമാരും മറ്റു ജനപ്രതിനിധികളും പാർടി വിട്ട് ബിജെപിയിൽ അഭയം പ്രാപിച്ചു. ഇഡി, ഐടി, സിബിഐ, എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ചാണ്‌ ഇ‍ൗ അട്ടിമറി. ആദ്യം ഭീഷണി. അതിനു വഴങ്ങിയാൽ പുരസ്‌കാരം. ഇല്ലെങ്കിൽ വേട്ടയാടൽ. പുരസ്‌കാർ, തിരസ്‌കാർ എന്നാണ്‌ ഇതിനെ വിശേഷിപ്പിക്കുന്നത്‌.


മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും (2008– 10) മഹാരാഷ്‌ട്ര പ്രദേശ്‌ കോൺഗ്രസ്‌ മുൻ അധ്യക്ഷനുമായിരുന്ന അശോക്‌ ചവാൻ എംഎൽഎ സ്ഥാനം രാജിവച്ചാണ്‌ കോൺഗ്രസ്‌ വിട്ടത്‌. ബിജെപിയിൽനിന്ന്‌ രാജ്യസഭാംഗമായി. മൂന്നുതവണ എംഎൽഎയായിരുന്നു. മുൻ മുഖ്യമന്ത്രി എസ്‌ ബി ചൗഹാന്റെ മകൻ. 55 മുൻ കോൺഗ്രസ്‌ എംഎൽഎമാരും ചവാന്റെ കൂടെ അന്ന്‌ ബിജെപിയിലെത്തി. മുംബൈയിലെ യുവ നേതാവും മുൻ കേന്ദ്രമന്ത്രിയും എഐസിസി ജോയിന്റ്‌ ട്രഷററുമായ മിലിന്ദ്‌ ദിയോറ, ഭരണകക്ഷിയായ ശിവസേന ഏക്‌നാഥ്‌ ഷിൻഡെ വിഭാഗത്തിൽ ചേർന്നു. ഭാരത്‌ ജോഡോ ന്യായ്‌ യാത്ര തുടങ്ങിയ ദിവസമായിരുന്നു രാഹുൽ ബ്രിഗേഡിലെ മിലിന്ദിന്റെ രാജി. മുതിർന്ന നേതാവും സോണിയ കുടുംബത്തിന്റെ വിശ്വസ്‌തനുമായിരുന്ന മുരളി ദിയോറയുടെ മകനാണ്‌. രണ്ടുവട്ടം ദക്ഷിണ മുംബൈയിൽനിന്ന്‌ ലോക്‌സഭയിലെത്തി.


മുൻമന്ത്രിയും മുതിർന്ന നേതാവും മൂന്നു തവണ എംഎൽഎയുമായിരുന്നു ബാബ സിദ്ദിഖി, മുംബൈ റീജണൽ കമ്മിറ്റിയുടെ ചെയർപേഴ്‌സണും പാർലമെന്ററി ബോർഡ്‌ സീനിയർ വൈസ് പ്രസിഡന്റുമായിരിക്കെയാണ്‌ കോൺഗ്രസ്‌ വിട്ടത്‌. ബിജെപിക്കൊപ്പമുള്ള അജിത്‌ പവാറിന്റെ എൻസിപിയിൽ ചേർന്നു. സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റും മുൻമന്ത്രിയുമായ ബസവരാജ് പാട്ടീൽ ബിജെപിയിൽ ചേർന്നു. ലിംഗായത്ത് നേതാവായ പാട്ടീൽ ലാത്തൂർ ജില്ലയിലെ ഔസ എംഎൽഎയായിരുന്നു. 1999–2004 കാലത്ത്‌ മന്ത്രി.


അസമിൽ രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോയി ദിവസങ്ങൾക്കകമാണ്‌ പ്രമുഖരായ മൂന്നു നേതാക്കൾ ബിജെപിയിലെത്തിയത്‌. മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിസ്‌മിത ഗൊഗോയ് നിരവധി പ്രവർത്തകർക്കൊപ്പമാണ്‌ ബിജെപിയിലെത്തിയത്‌. മുൻ കോൺഗ്രസ് മന്ത്രി അഞ്ജൻ ദത്തയുടെ മകളും മുൻ കോൺഗ്രസ് നേതാവ് ജിബ കാന്ത ഗൊഗോയിയുടെ മരുമകളുമാണ്‌. യൂത്ത് കോൺഗ്രസ് അസം പ്രസിഡന്റായിരുന്ന അങ്കിത ദത്ത തന്നെ ഉപദ്രവിച്ചെന്ന്‌ ആരോപിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ ദേശീയ പ്രസിഡന്റ്‌ ബി വി ശ്രീനിവാസിനെതിരെ പരാതി നൽകിയിരുന്നു.


രണ്ടുതവണ എംഎൽഎയായ കോൺഗ്രസ്‌ വർക്കിങ്‌ പ്രസിഡന്റ്‌ റാണാ ഗോസ്വാമി ബിജെപിയിൽ ചേർന്നു. ലാൽചന്ദ് കടാരിയ, ഖിലാഡി ലാൽ ബൈർവ, രാജേന്ദ്ര യാദവ്, റിച്പാൽ സിങ് മിർധ, വിജയ് പാൽ സിങ് മിർധ, നരൺ രഠ്‍വാ, അംബരീഷ് ദേർ, അരവിന്ദ് ലഡാനി, ചിരാഗ് പട്ടേൽ, സി ജെ ചാവ്ദ, അർജുൻ മോധ്, മുരാരി പ്രസാദ് ഗൗതം, സിദ്ധാർഥ്‌ സൗരഭ്, വാങ്ലിൻ ലോവാങ്‌ഡോങ്, നിനോങ്‌ എറിങ്‌ എന്നീ കോൺഗ്രസ്‌ നേതാക്കളും ബിജെപിയിൽ ചേർന്നു.


എസ് വിജയധരണി (തമിഴ്നാട്), ഗീത കോഡ (ജാർഖണ്ഡ്‌), രജത് ചൗധരി (ഒഡീഷ), മനീഷ് ഖണ്ഡൂരി (ഉത്തരാഖണ്ഡ്), അൻഷുമാൻ മൊഹന്തി, നിഹാർ മോഹാനന്ദ (മുൻ എംഎൽഎമാർ) യുപിയിൽനിന്നുള്ള ഉപേന്ദ്ര സിങ്, (കോൺഗ്രസ് പിസിസി വൈസ് പ്രസിഡന്റ്), വിഭാഗർ ശാസ്ത്രി (മുൻ പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയുടെ ചെറുമകൻ), മധ്യപ്രദേശിൽനിന്നുള്ള സുരേഷ് പച്ചൗരി, സഞ്ജയ് ശുക്ല, ഡൽഹി കോൺഗ്രസ്‌ അധ്യക്ഷനായിരുന്ന അരവിന്ദർ സിങ് ലവ്‍‍ലി തുടങ്ങി ഇ‍ൗ പട്ടിക നീളുകയാണ്‌.


ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയിൽ എത്തി. അലഹബാദ്‌ മേയറായും മഹിള അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചു. യുപി മന്ത്രി സഭയിലും അംഗമായിരുന്നു. മുൻ മുഖ്യമന്ത്രി ഹേമവതി നന്ദൻ ബഹുഗുണയുടെ മകളാണ്‌. 2016 ഒക്ടോബർ 20ന് ബിജെപിയിൽ ചേർന്നു. കേന്ദ്ര മന്ത്രിയായിരുന്നു. ജഗദാംബിക പാൽ, സത്യപാൽ മഹാരാജ്‌ (ഉത്തരാഖണ്ഡ്‌) എംപിയായിരിക്കെയാണ്‌ ബിജെപിയിലേക്ക്‌ ചേക്കേറിയത്. പഞ്ചാബിലെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്‌, കർണാടക മുഖ്യമന്ത്രിയായിരുന്ന എസ്‌ എം കൃഷ്‌ണ (കർണാടക), മുൻ കേന്ദ്ര മന്ത്രിയായിരുന്ന ഡി പുരന്ദേശ്വരി (ആന്ധ്ര പ്രദേശ്‌) എന്നവരും ബിജെപി പാളയത്തിൽ എത്തി.


മോദി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന റാവു ഇന്ദ്രജിത്ത്‌ സിങ്‌, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവർ കോൺഗ്രസ്‌ നേതാക്കളായിരുന്നു. മുൻ കേന്ദ്ര മന്ത്രി മാധവ് റാവു സിന്ധ്യയുടെ മകനാണ്‌ ജ്യോതിരാദിത്യ സിന്ധ്യ. നാരായൺ റാണെയാകട്ടെ 1999 ഫെബ്രുവരി ഒന്ന് മുതൽ ഒക്ടോബർ 17 വരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്നു. ആറ് തവണ നിയമസഭയിലും ഒരു തവണ നിയമസഭ കൗൺസിലിലും അംഗമായിരുന്നു. നാല് തവണ സംസ്ഥാന മന്ത്രിസഭ അംഗവുമായിരുന്നു.


ബിജെപിെയുടെ ഹിന്ദുത്വ അജണ്ടയിൽ ആകൃഷ്‌ടരായല്ല, അഴിമതിയിൽ പിടിക്കുമെന്ന കേന്ദ്ര ഏജൻസികളുടെ ഭീഷണിക്ക്‌ വഴങ്ങിയാണ്‌ ഇ‍ൗ നേതാക്കളെല്ലാം ബിജെപിയിൽ അഭയം പ്രാപിച്ചത്‌. ബിജെപിയിൽ എത്തിയാൽ പ്രത്യേക വാഷിങ്‌ മെഷീൻ വഴി വെളുപ്പിച്ചെടുക്കും. എന്നാൽ ഒരു സിപിഐ എം നേതാവും അത്തരം ഒരു ഭീഷണിക്കു മുൻപിലും വഴങ്ങിയിട്ടില്ല. ആദ്യം നയതന്ത്ര ബാഗേജിന്റെ പേരിൽ കള്ളക്കഥകൾ മെനഞ്ഞു. ഖുർആനിൽ, ഇ‍ൗന്തപഴത്തിനുള്ളിൽ സ്വർണം കടത്തി, ബിരിയാണി ചെമ്പിൽ ഡോളർ കടത്തി, ഓല പായയിൽ നോട്ടുകെട്ട്‌ കടത്തി... അങ്ങനെ എത്രയെത്ര കഥകൾ. ആ കഥകൾ മെനഞ്ഞ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്‌ണൻ അഴിമതിക്ക്‌ പിടിയിലായി തെറിച്ചു എന്നത്‌ വേറെ കഥ. ഇതിനെല്ലാം പിന്നാലെയാണ്‌ എക്‌സാലോജിക്‌ കേസ്‌ കെട്ടി ചമച്ചത്‌. എന്നാൽ പിണറായി വിജയൻ നിയമസഭയിലും പുറത്തും പറഞ്ഞ ‘ ഇ‍ൗ കൈകൾ ശുദ്ധമാണ്‌’ എന്ന ദൃഢമായ വാക്കാണ്‌ എല്ലാവരുടേയും ഉള്ളിൽ നിറയുന്നത്‌. അതുതന്നെയാണ്‌ ഇ ഡിയോടും അവർക്ക്‌ പരവതാനി വിരിച്ച മോദി– അമിത്‌ഷാ– വി ഡി സതീശൻ കൂട്ടുകെട്ടിനോട്‌ ജനങ്ങൾക്ക്‌ പറയാനുള്ളത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home