ad
Deshabhimani

print edition കോൺഗ്രസിന്റെ ദേശീയ നിലപാട്‌ തള്ളി സതീശൻ

v d satheesan
avatar
റഷീദ്‌ ആനപ്പുറം

Published on Sep 10, 2026, 12:18 AM | 2 min read

തിരുവനന്തപുരം: ബിജെപി ഇതര മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും ഇഡിയെ ഉപയോഗിച്ച്‌ കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്ന കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാട്‌ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ, മകൾ ടി വീണ, പി എ മുഹമ്മദ്‌ റിയാസ്‌ എംഎൽഎ തുടങ്ങിയവർക്കെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ ഇഡി നൽകിയ കത്തിനെ ന്യായീകരിച്ച സതീശൻ വെള്ളം ചേർത്തത്‌ കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിലാണ്‌. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ്‌ കെജ്‌രിവാളിനെ ഇഡി കേസിൽ കുടുക്കാൻ കോൺഗ്രസ്‌ നടത്തിയ അതേ നീക്കമാണ്‌ കേരളത്തിൽ യുഡിഎഫ്‌ സർക്കാരിന്റേതും.


ഇഡി ഡിജിപിക്ക്‌ നൽകിയ കത്തിൽ നിയമപരമായ പരിശോധനക്കുശേഷം തീരുമാനം എടുക്കുമെന്നും അത്തരം കത്ത്‌ ഇഡി അയച്ചുതന്നാൽ തള്ളാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെളിവടക്കം അയച്ചുതന്നിട്ടുണ്ട്‌. കേന്ദ്ര ഏജൻസി അയച്ചുതന്ന കത്തിൽ നിയമപരമായ കാര്യങ്ങൾ ചെയ്യേണ്ടത്‌ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ന്യായീകരിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്‌തതിൽ രാഷ്‌ട്രീയമുണ്ടായിരുന്നു. അതിനാലാണ്‌ കോൺഗ്രസ്‌ രാഷ്‌ട്രീയ ആരോപണം ഉന്നയിച്ചത്‌. പണം നൽകിയ ഡയറിയിൽ ആഭ്യന്തരമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പേരുള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ രാഷ്‌ട്രീയ പാർടികൾ കന്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പണം വാങ്ങുമെന്നും ഇത്‌ അത്തരം കേസല്ലെന്നുമായിരുന്നു മറുപടി.


‘ക‍ീഴ്‌വഴക്കം’ പാലിച്ച്‌ 
മാധ്യമങ്ങൾ


ഇഡി കത്ത്‌ ആദ്യം ലഭിക്കുക ഒരുവിഭാഗം മാധ്യമങ്ങൾക്ക്‌. പിന്നീട്‌ ബന്ധപ്പെട്ട കക്ഷിക്ക്‌. അപ്പോഴേക്കും മാധ്യമങ്ങൾ അരങ്ങുനിറയും. കഴിഞ്ഞദിവസം ഇഡി ഡിജിപിക്ക്‌ നൽകിയ കത്തിന്റെ കാര്യത്തിലും ‘ക‍ീഴ്‌വഴക്കം’ പാലിച്ചു. ഇഡിയും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്നുള്ള നീക്കം കേരളത്തിന്‌ പുതുമയല്ല. സ്വർണക്കടത്ത്‌, ഈന്തപ്പഴത്തിൽ സ്വർണം, ഖുർആനിൽ സ്വർണക്കടത്ത്‌, കൈതോലപ്പായയിൽ കോടികൾ കടത്തി, ലൈഫ്‌ മിഷൻ, കിഫ്ബി തുടങ്ങിയവയിലെല്ലാം ഇഡി–മാധ്യമ സംയുക്ത ഓപ്പറേഷൻ കേരളം കണ്ടു. എല്ലാം എട്ടുനിലയിൽ പൊട്ടി. അതെല്ലാം പൊതു സമൂഹത്തിനുമുന്നിൽ ഇപ്പോഴുമുണ്ട്‌. തെളിവില്ലെങ്കിലും ആർക്കെതിരെയും കേസെടുക്കുക, അന്വേഷണത്തിന്റെ പേരിൽ വിളിപ്പിക്കുക, തെറ്റായ വിവരം നൽകി സമൂഹത്തിൽ അപകീർത്തിപ്പെടുത്തുക തുടങ്ങിയ ഇഡിയുടെ രാഷ്‌ട്രീയ തന്ത്രങ്ങൾക്ക്‌ ഒരു വിഭാഗം മാധ്യമങ്ങൾ കൂട്ടുനിന്നു. മുൻ മന്ത്രി കെ ടി ജലീലിനെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങൾ ചെയ്‌ത വിടുപണിക്ക്‌ കണക്കില്ല. സ്വർണക്കടത്ത്‌ കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്ന രൂപത്തിലായിരുന്നു ബ്രേക്കിങ് ന്യൂസ്‌.


നയതന്ത്ര പാഴ്‌സലിൽ സ്വർണക്കടത്ത്‌ നടത്തിയ കുറ്റവാളികളെ കണ്ടെത്താൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത്‌ അന്നത്തെ എൽഡിഎഫ്‌ സർക്കാരായിരുന്നു. എന്നാൽ, ഇഡിയും സിബിഐയും ബിജെപി നേതാക്കളുടെ ആജ്ഞാനുവർത്തികളായി.

അന്ന്‌ അന്വേഷണം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിലെത്തിക്കാൻ കിണഞ്ഞ്‌ പരിശ്രമിച്ചു. ഒടുവിൽ ബിരിയാണിച്ചെമ്പിലും ഖുർആനിലും സ്വർണം ഒളിച്ചു കടത്തിയെന്നു പ്രചരിപ്പിച്ചവർ പരിഹാസ്യരായി. ലൈഫ്‌ മിഷന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു അനുഭവം. കിഫ്‌ബി മസാല ബോണ്ടിന്റെ പേരിൽ മുൻ ധനമന്ത്രി തോമസ്‌ ഐസക്കിനെതിരെയും സമാന വേട്ടയാടലുണ്ടായി. ഹൈക്കോടതിയിൽനിന്ന്‌ തിരിച്ചടിയേറ്റ്‌ ഇഡിക്ക്‌ പിൻവാങ്ങേണ്ടി വന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home