print edition മത്തി കിട്ടി, മതിയാവോളം; സമുദ്ര മത്സ്യലഭ്യതയിൽ വർധനയെന്ന് പഠനം


സ്വന്തം ലേഖകൻ
Published on May 01, 2026, 01:56 AM | 1 min read
കൊച്ചി: നല്ല മത്തി കിട്ടാനില്ലെന്ന മലയാളികളുടെ പരാതി മാറി. 2025ൽ മത്തിയുടെ ലഭ്യത 13 ശതമാനം വർധിച്ചെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനം. 2025ൽ കേരളത്തിൽ ഏറ്റവുമധികം ലഭിച്ചത് മത്തിയാണ്. 1.68 ലക്ഷം ടൺ. കിളിമീൻ, കണവ-, കൂന്തൽ, -നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനയുണ്ട്.
തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു. മത്തി കഴിഞ്ഞാൽ, അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ് കഴിഞ്ഞവർഷം കൂടുതൽ ലഭിച്ചത്.
അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളാണ് മത്തിപോലുള്ള ചെറുമീനുകൾക്ക് ഗുണമായതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ തീരങ്ങളിൽനിന്ന് 2025ൽ ആകെ ലഭിച്ചത് 35.7 ലക്ഷം ടൺ സമുദ്രമത്സ്യമാണ്. മൂന്നു ശതമാനത്തിന്റെ വർധന. രാജ്യത്ത് ഏറ്റവുമധികം മീൻപിടിച്ചത് തമിഴ്‌നാടാണ്. 6.85 ലക്ഷം ടൺ. ഗുജറാത്ത് രണ്ടാംസ്ഥാനത്തും രണ്ടു ശതമാനം വർധനയോടെ കേരളം മൂന്നാംസ്ഥാനത്തുമുണ്ട്. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ മീൻ ലഭിച്ചത്. കൊല്ലവും കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഹാർബറുകളിൽ നീണ്ടകരയാണ് മുന്നിൽ. മുനമ്പം രണ്ടാമതാണ്. സിഎംഎഫ്ആർഐ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
വിറ്റുവരവിൽ കേരളം ഒന്നാമത്
വിറ്റുവരവിൽ കേരളമാണ് ഒന്നാമത് (72.83 ശതമാനം). കേരളത്തിൽ ലാൻഡിങ് സെന്ററുകളിലെ മൂല്യം 12,665 കോടിയും (17.8 ശതമാനം വർധന) ചില്ലറ വിപണിയിലേത് 16,681 (11.1 ശതമാനം വർധന) കോടി രൂപയുമാണ്. ഇന്ത്യയിലാകെ ലാൻഡിങ് സെന്ററുകളിൽ 69,254 കോടിയുടെയും (10.45 ശതമാനം വർധന) ചില്ലറ വിപണിയിൽ 97,702 കോടിയുടെയും (8.43 ശതമാനം വർധന) വിറ്റുവരവുണ്ടായി.











0 comments