പൊന്നമ്മച്ചിയെ ചേർത്തുനിർത്തി മോഹൻലാൽ; മനം നിറഞ്ഞ് സരസ് മേള

കുടുബശ്രീ ദേശീയ സരസ് മേളക്ക് വിശിഷ്ടാഥിതിയായി എത്തിയ മോഹൻലാലിനെ ചെങ്ങന്നൂർ നഗരസഭ മുതിർന്ന ഹരിത കർമ സേനാഗം പൊന്നമ്മ ദേവരാജൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചപ്പോൾ.
ആലപ്പുഴ: സരസ് മേളയുടെ മുഖ്യസംഘാടകനായ മന്ത്രി സജി ചെറിയാൻ നടൻ മോഹൻലാലിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ ക്ഷണിച്ചത് ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന ഹരിതകർമ സേനാംഗം പൊന്നമ്മയെ. ആരവങ്ങൾക്കിടയിൽ പൊന്നമ്മച്ചി മോഹൻലാലിന് പൂച്ചെണ്ടും പുസ്തകവും നൽകി. പൂച്ചെണ്ട് സ്വീകരിച്ച് മോഹൻലാൽ പൊന്നമ്മച്ചിയെ ചേർത്തുനിർത്തിയതോടെ കരഘോഷങ്ങൾ ഉയർന്നു. നടൻ പൊന്നമ്മച്ചിയെ ചേർത്തുനിർത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
പുസ്തകവും പൂച്ചെണ്ടും നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് മോഹൻലാൽ പൊന്നമ്മയെ ചേർത്തുനിർത്തിയപ്പോൾ വേദിയിലും സദസിലുമുണ്ടായിരുന്നവരുടെ കണ്ണും മനസും നിറഞ്ഞു. ചെങ്ങന്നൂരിൽ സംഘടിപ്പിച്ച കുടുംബശ്രീയുടെ പരിപാടിയിൽ എത്തിയ മോഹൻലാലിനെ സ്വീകരിക്കാൻ പൊന്നമ്മയേക്കാൾ മികച്ച ഒരാളില്ലെന്ന് തെളിയിക്കുന്നതായിരുന്നു വേദിയിലെ ആ നിമിഷങ്ങൾ.
മാലിന്യ മുക്ത നവകേരളത്തിന്റെ സന്ദേശമുയർത്തി തന്നെ സ്വീകരിച്ച പൊന്നമ്മയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ മോഹൻലാൽ നന്ദി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതിയെ മോഹൻലാൽ പ്രശംസിക്കുകയും ചെയ്തു. കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യ പ്രശനമെന്നും വേദിയിൽ ചൊല്ലിയ ശുചിത്വ പ്രതിജ്ഞ എല്ലാവരും പ്രാവർത്തികമാക്കണമെന്നും നടൻ ഓർമപ്പെടുത്തുകയും ചെയ്തു.
Tags
Related News

0 comments