എമ്പുരാനിൽ പൊള്ളി സംഘപരിവാർ ; വീണ്ടും ചർച്ചയായി ഗുജറാത്ത് വംശഹത്യ

സുനീഷ് ജോ
Published on Apr 01, 2025, 01:05 AM | 2 min read
തിരുവനന്തപുരം : സംഘപരിവാറും ബിജെപിയും മറച്ചുവയ്‌ക്കാൻ ആഗ്രഹിക്കുന്ന ഗുജറാത്ത് വംശഹത്യ വീണ്ടും ചർച്ചയാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത എമ്പുരാൻ. വ്യാഴാഴ്‌ച റിലീസ് ചെയ്‌ത ചിത്രത്തിനെതിരെ ആർഎസ്‌എസിന്റെ മുഖവാരികയായ ഓർഗനൈസർ തുടർച്ചയായി ലേഖനം പ്രസിദ്ധീകരിച്ചിട്ടും ബോക്‌സ്‌ഓഫീസിൽ ചിത്രം കത്തിക്കയറി. ആദ്യ 48 മണിക്കൂറിൽ 100 കോടിയിലധികമായിരുന്നു കലക്‌ഷൻ. അഞ്ചുദിവസം കഴിഞ്ഞപ്പോൾ കലക്‌ഷൻ 200 കോടികടന്നു. ഹോളിവുഡ് ചിത്രങ്ങളെ പിന്തള്ളി മൂന്നാംസ്ഥാനത്താണിത്. തിങ്കൾ വൈകിട്ടോടെ പൃഥ്വിരാജും നായകനായ മോഹൻലാലും നിർമാതാക്കളിലൊരായ ആന്റണി പെരുമ്പാവൂരും ‘ഈ വർഷം എമ്പുരാന്റേതാണെന്നും 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഓപ്പണർ’ആണെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ആർഎസ്‌എസ് ഭീഷണിയെതുടർന്ന് ചിത്രത്തിൽനിന്ന് വെട്ടിമാറ്റപ്പെട്ടതായി പ്രചരിപ്പിക്കപ്പെട്ട മൂന്ന് മിനിറ്റ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു. ഇതോടെ സിനിമയിൽനിന്ന് മറയ്‌ക്കാൻ എന്താണോ സംഘപരിവാർ ആഗ്രഹിച്ചത് അത് കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തുന്ന സ്ഥിതിയാണ്. അണിയറപ്രവർത്തകർക്ക് പിന്തുണയും ഏറി. കഴിഞ്ഞദിവസം സിനിമയുടെ തിരക്കഥ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും കണ്ടതാണെന്നും പൃഥ്വിരാജിന്റെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പറഞ്ഞ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തിങ്കളാഴ്‌ച നിലപാട് കടുപ്പിച്ചു. മകന്റെ ജാതകം ആർഎസ്എസ് മുഖപത്രത്തിന് അറിയില്ലെന്നും കേരളത്തിൽനിന്ന് കൊടുക്കുന്ന റിപ്പോർട്ടാണ് അവർ പത്രത്തിൽ പറയുന്നതെന്നും അവർ പരിഹസിച്ചു.
സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ് എന്നിവർ തിയേറ്ററിലെത്തി സിനിമ കണ്ടു. പൃഥ്വിരാജിനെ പൂർണമായും പിന്തുണയ്‌ക്കുന്നതായി സംവിധായൻ ആഷിഖ് അബുവും വ്യക്തമാക്കി. പൃഥ്വിരാജ് മുമ്പെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയാണ്. ആ വൈരാഗ്യം ഈ അവസരത്തിൽ അവർ മുതലാക്കുകയാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നിൽക്കുമെന്നും ആഷിഖ് പറഞ്ഞു. പുരോഗമന പക്ഷത്ത് നിൽക്കുന്ന സാംസ്‌കാരികപ്രവർത്തകരും സിനിമ കണ്ടും പ്രതികരിച്ചും രംഗത്തെത്തി.
ആക്രമണം പ്രതിഷേധാർഹം: ഫെഫ്‌ക
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിനും നടൻ മോഹൻലാലിനുമെതിരെ (സാമൂഹ്യ) മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും പ്രതിഷേധാർഹമാണെന്ന് ഫെഫ്‌ക. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിമർശിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. സർഗാത്മകമായ വിമർശത്തിലൂടെ മാത്രമെ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ. എന്നാൽ, വിമർശം വ്യക്ത്യാധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാക രുത്.
ഏത് സംവാദത്തിന്റെയും ലക്ഷ്യം മറുവശത്തുള്ളവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്രപ്രവർത്തകരെയും ഞങ്ങൾ ചേർത്തുനിർത്തുമെന്നും ഫെഫ്‌ക വാർത്താകുറിപ്പിൽ പറഞ്ഞു.
ഒപ്പം നിൽക്കണം: മന്ത്രി പി രാജീവ്
എമ്പുരാൻ സിനിമയ്‌ക്ക് ഒപ്പംനിൽക്കുക എന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് വ്യവസായമന്ത്രി പി രാജീവ്. സിനിമ എടുക്കുന്നവരെ രാജ്യദ്രോഹിയാക്കുന്ന പ്രവണത ശരിയല്ല. ആളുകളെ ഭയപ്പെടുത്തി, നിലപാട് പറയരുതെന്ന സന്ദേശം കൈമാറുന്നതാണ് അത്തരം സമീപനങ്ങൾ. എതിർപ്പ് ഉയരുമ്പോൾ സ്വയം എഡിറ്റ് ചെയ്യാമെന്ന് പറയുന്ന സാഹചര്യം ഉണ്ടാകുമെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിൽ യോജിക്കേണ്ടതും അല്ലാത്തതുമായ ഭാഗങ്ങളുണ്ടാകാം എല്ലാത്തിനെയും ചരിത്രവൽക്കരിക്കുകയെന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാകുന്ന കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.
വെട്ടിമാറ്റലിനോട് യോജിപ്പില്ല: മന്ത്രി സജി ചെറിയാൻ
‘എമ്പുരാൻ’ സിനിമയുടെ 17 ഭാഗങ്ങൾ വെട്ടിമാറ്റുന്നതിനോട് യോജിക്കാനാകില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സിനിമ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുണ്ടായ വർഗീയ കലാപങ്ങൾ കാണിക്കുന്ന സിനിമ വർഗീയതയ്‌ക്കെതിരായ ആശയപ്രചാരണംകൂടി നടത്തുന്നുണ്ട്. അതിനോടൊപ്പം കേരളീയ സമൂഹം അണിനിരക്കണം. ഇടതുപക്ഷം ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്നും സജി ചെറിയാൻ പറഞ്ഞു.










0 comments