print edition സംഘപരിവാർ ആഹ്വാനം: കേരളത്തിലെ സ്കൂളുകളിലും ക്രിസ്മസ് ആഘോഷം വേണ്ട


സി കെ ദിനേശ്
Published on Dec 21, 2025, 12:31 AM | 1 min read
തിരുവനന്തപുരം: സ്‌കൂളുകളിലെ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് ഉത്തരേന്ത്യൻ മോഡൽ വിലക്കുമായി ആർഎസ്‌എസ് മാനേജ്‌മെന്റുകൾ. ചിന്മയ സ്കൂൾ അടക്കമുള്ള കേരളത്തിലെ പല അൺ എയ്‌ഡഡ് സ്കൂളുകളിലും ആർഎസ്‌എസ് നേരിട്ട് നടത്തുന്ന എയ്‌ഡഡ് സ്കൂളുകളിലുമാണ് നടപടി.
തിരുവനന്തപുരം ആറ്റുകാൽ ചിന്മയ സ്കൂളിലെ രക്ഷിതാക്കൾ ഇതുസംബന്ധിച്ച പരാതിയുമായി രംഗത്തെത്തി. സ്കൂളിൽ 23ന് ക്രിസ്‌മസ് ആഘോഷം തീരുമാനിച്ച് ഒരു വിദ്യാർഥിയിൽ നിന്ന് 60 രൂപവീതം പിരിച്ചിരുന്നു. കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് കുട്ടികൾക്ക് പണം തിരിച്ചുനൽകി. ക്രിസ്‌മസ് ആഘോഷം വേണ്ടെന്ന് വച്ചതായും അറിയിച്ചു. ആർഎസ്എസ് അജൻഡ നടപ്പിലാക്കുന്ന ഈ നീക്കം സമൂഹത്തിലും കുട്ടികളിലും വലിയ അപകടം സൃഷ്ടിക്കുന്നതാണെന്ന് രക്ഷിതാക്കൾ പറയുന്നു. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
ആർഎസ്‌എസിന് സ്വാധീനമുള്ള, സംസ്ഥാനത്തെ മറ്റുപല സ്കൂളിലും സമാന വിലക്കുണ്ട്. ക്രിസ്മസ് അലങ്കാരങ്ങളോ നക്ഷത്രങ്ങളോ ആശംസകളോ വയ്ക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് സംഘപരിവാർ ഓൺലൈനുകളിൽ വാർത്തയുംവന്നു. എന്നാൽ, ഒൗദ്യോഗികമായി ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് ചിന്മയ തിരുവനന്തപുരം മേഖല ചെയർമാൻ സുരേഷ് മോഹൻ പറഞ്ഞു.









0 comments