ad
Deshabhimani

ആ ചാപ്പ ചേരുക കോൺഗ്രസിനും ലീഗിനും

സംഘപരിവാറിന്‌ കുടപിടിച്ചവരേ, നിങ്ങളെ ജനങ്ങൾക്കറിയാം

VD KUNJALI
avatar
റഷീദ്‌ ആനപ്പുറം

Published on Oct 26, 2025, 04:02 PM | 3 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ മറവിൽ സംസ്ഥാന സർക്കാരിനെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയേയും സംഘപരിവാർ ചാപ്പകുത്തി തുള്ളുന്ന കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും സർവകലാശാലകളെ ഹിന്ദുത്വവൽക്കരിക്കാനുള്ള ഗവർണർമാരുടെ അജണ്ടക്ക്‌ കുടപിടിക്കുന്നവർ. കേരള യൂണിവേഴ്‌സിറ്റിയിൽ സംഘപരിവാർ അജണ്ടക്കെതിരെ പ്രതിരോധ നിര തീർക്കുന്ന എസ്‌എഫ്‌ഐയെ വി ഡി സതീശൻ അധിക്ഷേപിച്ചത്‌ ഗുണ്ടാപടയെന്ന്‌ വിളിച്ചാണ്‌. കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ വൈസ്‌ചാൻസലർ കസേരയിലിരുന്ന്‌ ആർഎസ്‌എസ്‌ അജണ്ട നടപ്പാക്കുന്നത്‌ കോൺഗ്രസ്‌ അധ്യാപക സംഘടനാ നേതാവ്‌ ഡോ പി രവീന്ദ്രനാണ്‌. അദ്ദേഹത്തിനെതിരെ കമാന്ന്‌ ഒരക്ഷരം മിണ്ടാത്ത കോൺഗ്രസും ലീഗുമാണ്‌ ഇല്ലാക്കഥ മെനഞ്ഞ്‌ വി ശിവൻകുട്ടിക്കെതിരെ രംഗത്ത്‌ വരുന്നത്‌. പ്രബുദ്ധ കേരളം ഇ‍ൗ ഇരട്ട നയം തിരിച്ചറിയുക തന്നെ ചെയ്യും.


ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണമാരെ ഉപയോഗിച്ച്‌ തീവ്ര ഹിന്ദുത്വ അജണ്ട ഒളിച്ചു കടത്തുന്നു ബിജെപി. ഒരുവശത്ത്‌ എൻസിആർടി വഴി സ്‌കൂൾ പാഠ്യപദ്ധതി ഹിന്ദുത്വവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ യുജിസി, ഐസിഎച്ച്‌ആർ പോലുള്ള സ്ഥാപനങ്ങളെ ഉപയോഗിച്ച്‌ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലയെ കാവിവൽക്കരിക്കുകയാണ്‌. അതിന്റെ റിഹേഴ്‌സലാണ്‌ കേരള യൂണിവേഴ്‌സിറ്റിയിൽ ഇ‍ൗ അടുത്ത്‌ ഗവർണർ രാജേന്ദ്ര ആർലേക്കറും താൽക്കാലിക വിസി മോഹനൻ കുന്നുമ്മലും നടത്തിയത്‌. അതിനെതിരെ ഒരക്ഷരം വി ഡി സതീശൻ ഉരിയാടിയിട്ടില്ല. എന്നാൽ ആർലേക്കറുടെയും മോഹനൻ കുന്നുമ്മലിന്റെയും നീക്കം ചെറുക്കുന്ന എസ്‌എഫ്‌ഐയെ അദ്ദേഹം ഗുണ്ടാപടയെന്ന്‌ വിളിച്ചു. ഒളിഞ്ഞും തെളിഞ്ഞും ഗവർണറെ പിന്തുണച്ചു. കലിക്കറ്റിൽ സ്വന്തം പാർടി നേതാവിന്‌ വിസിയുടെ കസേര ഉറപ്പിച്ചതിന്റെ പ്രത്യുപകാരമായാണ്‌ സതീശന്റെ ഇ‍ൗ കളികൾ.


ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടന്നുകയറുക എന്നത്‌ സംഘപരിവാറിന്റെ മുഖ്യ ലക്ഷ്യമാണ്‌. ജെഎൻയു ഉൾപ്പെടെയുള്ള രാജ്യത്തിന്റെ അഭിമാനമായ സർവകലാശാലകളിൽ സംഘപരിവാർ ബന്ധമുള്ളവരെ വൈസ്‌ ചാൻസലർമാരായി അവരോധിച്ചു. 2018 ലാണ്‌ സർവകലാശാലകൾ കൈയാളാനുള്ള തുറന്ന നീക്കത്തിന്‌ സംഘപരിവാർ തയ്യാറായത്‌. ഇതിന്റെ ഭാഗമായി ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ വൈസ്‌ചാൻസലർമാർക്കായി പഠന ശിബിരം സംഘടിപ്പിച്ചു. 2018 മാർച്ചിൽ ഡൽഹിയിൽ നടന്ന ‘ജ്ഞാൻ സംഘം’ ശിബിരത്തിൽ 51 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഉൾപ്പെടെ 700ലേറെ ‘വിദ്യാഭ്യാസ വിദഗ്ധർ’ പങ്കെടുത്തു. യുജിസി, ഐസിഎസ്എസ്ആർ, ഐസിഎച്ച്ആർ തുടങ്ങിയ സ്ഥാപനങ്ങളെയും ആർഎസ്‌എസ്‌ കൈപ്പിടിയിലാക്കി. എന്നാൽ സംഘപരിവാരിന്റെ ഈ തിട്ടൂരത്തിന്‌ വഴങ്ങാതെ എല്ലാ കാമ്പസുകളിലും വിദ്യാർഥികൾ പോരാട്ടത്തിലാണ്‌. സമാന പോരാട്ടമാണ്‌ കേരളത്തിലും നടക്കുന്നത്‌. അതിനൊപ്പം നിയമപോരാട്ടവും നടക്കുന്നുണ്ട്‌. കേരള സെനറ്റിലേക്ക്‌ ആരിഫ്‌ മുഹമ്മദ്‌ഖാൻ ഗവർണറായിരിക്കെ നോമിനേറ്റ്‌ ചെയ്‌ത നാല്‌ എബിവിപിക്കാരെ കോടതി വലിച്ചു ദൂരെയെറിഞ്ഞത്‌ നിയമപേരാട്ടത്തിന്റെ വിജയമാണ്‌.


കലിക്കറ്റിൽ കോൺഗ്രസുകാരനായ ഡോ രവീന്ദ്രൻ വിസി ആയതോടെ അദ്ദേഹത്തിന്റെ ഓഫീസിൽ ആർഎസ്‌എസ്‌ അനുകൂല സംഘടനാ നേതാവിനെ കുടിയിരുത്തി. സേവാഭാരതി മലപ്പുറം ജില്ലാ സമ്മേളനം ഡോ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തപ്പോൾ ഒരു പ്രസ്‌താവന കൊണ്ടുപോലും സതീശനും കുഞ്ഞാലികുട്ടിയും അദ്ദേഹത്തെ കുറ്റപ്പെടുത്തിയില്ല. കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ കോലീബി സഖ്യമാണ്‌.


calicut vcകലിക്കറ്റ് വൈസ് ചാൻസിലറുടെ ഓഫീസിൽ നടന്ന സംഘപരിവാർ പരിപാടി. ഈ ഓഫീസിൽ വിസിയുടെ പേഴ്സണൽ സ്റ്റാഫ് കോൺഗ്രസ്, ലീഗ്, ബിജെപി സംഘടനയിൽ പെട്ടവരാണ്.


കോൺഗ്രസ്‌ സംസ്ഥാനങ്ങൾ എന്ത്‌ ചെയ്‌തു


പിഎം ശ്രീ പദ്ധതിയോട്‌ കോൺഗ്രസിന്‌ എതിർപ്പില്ല എന്നത്‌ അവർ ഭരിച്ച സംസ്ഥാനങ്ങളിൽ തുടക്കത്തിലേ പദ്ധതിയുടെ ഭാഗമായതോടെ വ്യക്തമായതാണ്‌. എന്നാൽ അതിനും മേലേയാണ്‌ കോൺഗ്രസിന്റെ സംഘപരിവാർ ബാന്ധവം. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ ഹൈന്ദവവൽക്കരണത്തെ പിന്തുണക്കുകയും അവ അതിശക്തമായി മുന്നോട്ട്‌ കൊണ്ടുപോകുകയും ചെയ്‌ത പാരമ്പര്യമാണ്‌ കോൺഗ്രസിന്റേത്‌. രാജസ്ഥാൻ, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽ നമ്മൾ അത്‌ കണ്ടതാണ്‌.


ബിജെപി ഭരിച്ച സംസ്ഥാനങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം


കാവിവൽക്കരിക്കുന്നതിന്‌ തുടക്കം കുറിച്ചത്‌ യുപി, രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലായിരുന്നു. അവിടത്തെ സിലബസ്‌ ഹിന്ദുത്വവൽക്കരിച്ചു. ആർഎസ്‌എസ് സമാന്തര വിദ്യാലയങ്ങൾ തുടങ്ങി. സർക്കാർ ഫണ്ടുകൾ ആ മേഖലയിലേക്ക്‌ ഒഴുകി. മുഗളൻമാരെ ചതിയൻമാരും കൊള്ളക്കാരുമായി ചിത്രീകരിച്ചു. ശാസ്‌ത്രത്തിന്റെ സ്ഥാനത്ത്‌ മിത്തുകളും പൗരോഹിത്യ പരികൽപനകളും കുത്തിനിറച്ചു. മതനിരപേക്ഷത, ഭരണഘടനാമൂല്യങ്ങൾ, ബഹുസ്വരത, ബഹുഭാഷ, സമത്വം എന്നിവ സിലബസിൽനിന്ന്‌ പുറത്തായി. ഗുജറാത്തിലെ ചരിത്രപുസ്തകത്തിൽ മുസ്ലിംകളെയും ക്രിസ്‌ത്യാനികളെയും ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കാൻ ശ്രമിക്കുന്ന ‘വിദേശീയ’രായി അവതരിപ്പിച്ചു. ആർഎസ്‌എസ്‌ സൈദ്ധാന്തികൻ ദിനനാഥ് ബത്രയുടെ എട്ടോളം പുസ്തകങ്ങൾ പ്രാഥമിക വിദ്യാലയങ്ങളിൽ വിതരണം ചെയ്തു.


സ്‌കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത പഠിപ്പിക്കണമെന്ന് മധ്യപ്രദേശ്‌ സർക്കാർ ഉത്തരവിറക്കി. ആർഎസ്എസിന്റെ പ്രസിദ്ധീകരണമായ ‘ദേവപുത്തർ’ സ്‌കൂളുകളിൽ നിർബന്ധമാക്കി. രാജസ്ഥാനിലെ പാഠഭാഗങ്ങളിൽ മുഗൾ ഭരണാധികാരി അക്ബറെ അക്രമകാരിയാക്കി. വിദ്യാർഥികളിൽ ദേശസ്‌നേഹവും ധീരതയും വർധിപ്പിക്കാൻ ഉദയ്പൂരിലെ ഗൗരവ് പ്രതാപ് കേന്ദ്ര എന്ന ആർഎസ്എസ് സ്ഥാപനം സന്ദർശിക്കാൻ സർക്കാർ കൊളേജുകൾക്ക് നിർദേശം നൽകി. എന്നാൽ കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഈ അജണ്ട വിജയിപ്പിക്കാനായില്ല. അന്നും കേരളത്തിലെ ഇടത്‌ സർക്കാരുകൾ ബിജെപിയുടെ അജണ്ടയെ ചെറുത്തു തോൽപിച്ചു. കഴിഞ്ഞ മൂന്ന്‌ വർഷങ്ങളിലായി എൻസിഇആർടിയെ ഉപയോഗിച്ച്‌ പാഠപുസ്തകങ്ങളിൽ വരുത്തിയ വെട്ടി മാറ്റലുകളും കൂട്ടി ചേർക്കലുകളും പൂർണമായും തിരസ്‌കരിച്ച സർക്കാരാണ്‌ കേരളത്തിലേത്‌. ബദൽ ബുക്കുകൾ ഇറക്കി ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നു. അതിന്‌ നേതൃത്വം നൽകുന്ന മന്ത്രിയെ ആണ്‌ ഇപ്പോൾ കുറ്റപ്പെടുത്തുന്നത്‌. എന്നാൽ സർവകലാശാലകളിൽ സംഘപരിവാർ വച്ചുനീട്ടിയ സ്ഥാനമാനങ്ങൾ ഒരു ലജ്ജയുമില്ലാതെ സ്വീകരിച്ച്‌ അവർക്കു മുമ്പിൽ മുട്ടിലിഴയുകയാണ്‌ കോൺഗ്രസും ലീഗും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home