print edition മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ചു; സലിംകുമാറിനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: യുഡിഎഫ് തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ, മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച നടൻ സലിംകുമാറിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ഓട്ടിസം ക്ലബ്. കേരളത്തിലെ മാറ്റം ഞെട്ടിച്ചുവെന്ന് തന്നോട് സുഹൃത്തിന്റെ മകൻ പറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെടുത്തായിരുന്നു സലിംകുമാറിന്റെ അധിക്ഷേപ പരാമർശം.
ആ കുട്ടിക്ക് മാനസിക രോഗമാണെന്നും ഊളംപാറയിൽവെച്ച് കണ്ടിരുന്നെന്നും ഷോക്കടിപ്പിച്ചപ്പോൾ മാനസികനില ശരിയായി എന്നുമാണ് സലിംകുമാർ പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞത്.
രാഷ്ട്രീയ വിയോജിപ്പുകളെ മാനസികരോഗവുമായി താരതമ്യംചെയ്ത സലിംകുമാറിന്റെ പ്രസ്താവന ആത്മവിശ്വാസത്തോടെ ജീവിക്കുന്ന ഒരു ജനവിഭാഗത്തെയാകെ അപമാനിക്കുന്നതാണെന്നും ഇതിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടറി എ കെ ശിവദാസ് പരാതി നൽകിയത്. ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നാഷണൽ പ്ലാറ്റ്‌ഫോം -ഫോർ ദ റൈറ്റ്‌സ് ഓഫ് ദ ഡിസേബിൾഡ് (എൻപിആർഡി) അധികൃതരും പരാതി നൽകിയിട്ടുണ്ട്.
2016-ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെയും 2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമത്തിന്റെയും ലംഘനമാണ് സലിംകുമാറിന്റെ പ്രസംഗം. വിവേചനരഹിതവും അന്തസ്സുറ്റതുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണിത്.
വിഷയത്തിൽ സലിം കുമാറിനും ബന്ധപ്പെട്ട രാഷ്ട്രീയ പാർടിക്കുമെതിരെ നടപടിയെടുക്കണം. പരസ്യമായി മാപ്പ് പറയാനും സലിംകുമാർ തയ്യാറാകണമെന്ന് പരാതിയിൽ പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പുറമെ സംസ്ഥാന ഭിന്നശേഷി കമീഷണർക്കും എറണാകുളം കലക്ടർക്കും അമ്മ സംഘടനയ്ക്കും പരാതി നൽകിയിട്ടുണ്ട്.










0 comments