രാഹുലിൽ നിന്ന് ദുരനുഭവമുണ്ടായ സഹപ്രവർത്തകരുണ്ട്; പാർടിക്കുള്ളിലും ആരോപണമുണ്ട്: വെളിപ്പെടുത്തലുമായി സജന

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. രാഹുലിനെതിരെ കോൺഗ്രസിന് ഉള്ളിൽ തന്നെ ആരോപണങ്ങളുള്ളതായി സജന പറയുന്നു. യൂത്ത് കോൺഗ്രസിലെ ചില പെൺകുട്ടികൾ ഇക്കാര്യങ്ങൾ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. കൂടുതൽ വെളിപ്പെടുത്തലുണ്ടായാൽ കെപിസിസി പ്രസിഡന്റിന് പരാതി നൽകുമെന്നും സജന പറഞ്ഞു.
എന്നാൽ ഈ ആരോപണങ്ങളിലല്ല രാഹുലിനെ പാർടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. രാഹുലിനെതിരെയുള്ള കുറ്റങ്ങൾ പാർടിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് നടപടി. കുറ്റക്കാരനാണെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് തന്നെ തോന്നുന്ന സാഹചര്യമാണ്. പുറത്തുവന്ന തെളിവുകളോ തനിക്കുനേരെയുള്ള ആരോപണങ്ങളോ രാഹുൽ ഇതുവരെ നിഷേധിച്ചിട്ടില്ല. രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കണമെന്നാണ് ആവശ്യമെന്നും സജന വ്യക്തമാക്കി.
'സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആർക്കാണ് ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കിൽ ഇനി പഠിക്കാൻ പാർട്ടിയുണ്ടാകില്ലെ'ന്ന മുന്നറിയിപ്പുമായി സജന കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപക സൈബർ ആക്രമണമാണ് സജന നേരിട്ടത്.
രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം, എംഎൽഎ സ്ഥാനവും ഒഴിയണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ആവശ്യപ്പെട്ടു. നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും രാഹുൽ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കണമെന്നും അവർ പറഞ്ഞു.









0 comments