print edition ബുൾഡോസർ രാഷ്ട്രീയം ; വിയോജിക്കുന്നവരുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമം : സൈറ ഷാ ഹലിം

തിരുവനന്തപുരം
ബുൾഡോസർ രാഷ്ട്രീയം, വിയോജിക്കുന്നവരുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സൈറ ഷാ ഹലിം. നിയമപരമായ നടപടി പാലിക്കാതെ പൗരന്മാരുടെ വീടുകൾ തകർക്കുന്നതിനെതിരെ ബൃന്ദ കാരാട്ടിനെപ്പോലുള്ളവർ തെരുവിലിറങ്ങി നടത്തുന്ന പ്രതിരോധമാണ് ഇടതുപക്ഷത്തിന്റെ യഥാർഥ മുഖം.
വിയോജിപ്പുകളെ നിശബ്ദമാക്കുകയും അനീതിയെ സാധാരണവൽക്കരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ രാഷ്ട്രീയ സംവാദങ്ങളിലൂടെയും സംഘടിത ശക്തിയിലൂടെയും മാത്രമേ ജനാധിപത്യം സംരക്ഷിക്കാനാകൂ. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) ഭാഗമായി നടന്ന ടോക്ക് സെഷനിൽ ‘റീക്ലെയിമിങ് ദി ഡിസ്‌കോഴ്സ് - ഹൗ എ സ്ട്രോങ് ലെഫ്റ്റ് ക്യാൻ ഓഫർ ഇന്ത്യ എ റിയൽ പൊളിറ്റിക്കൽ നറേറ്റീവ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ക്ഷേമപ്രവർത്തനങ്ങൾ ഭരണാധികാരികൾ നൽകുന്ന ദാനധർമമല്ല, മറിച്ച് പൗരന്റെ അവകാശമാണെന്ന് തെളിയിച്ച ഇടമാണ് കേരളം. ഇ എം എസും എ കെ ജിയും പടുത്തുയർത്തിയ ഈ മാതൃക ഇന്ത്യക്കുതന്നെ പാഠപുസ്തകമാണ്. വിദ്യാഭ്യാസം, ആരോഗ്യസംവിധാനങ്ങൾ, ഭൂപരിഷ്കരണം എന്നിവയിലൂടെ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇവിടുത്തെ ഇടതുപക്ഷത്തിന് കഴിഞ്ഞു. വെനസ്വേലയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേരള നിയമസഭയുടെ നിലപാട് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്നും അവർ പറഞ്ഞു.











0 comments