print edition വീടുകൾ ‘സേഫ്’ ആണ്

സൂര്യാലയത്തിൽ സിന്ധുവിന്റെ വീട്
ജി അനിൽ
Published on Mar 20, 2026, 12:01 AM | 1 min read
കാർത്തികപ്പള്ളി: ‘സേഫിന്റെ’ സുരക്ഷിതത്വത്തിലാണ് മുതുകുളം വടക്ക് സൂര്യാലയത്തിൽ സിന്ധുവും കുടുംബവും. ‘‘പദ്ധതി പ്രകാരം ലഭിച്ച തുക കൊണ്ടാണ് വീടിന്റെ പണി പൂർത്തീകരിച്ചത്. വീട് പ്ലാസ്റ്ററിങ്ങിനും തറയിൽ ടൈൽ പാകുന്നതിനും ശുചിമുറി നവീകരിക്കുന്നതിനും സാധിച്ചു. എന്നെപ്പോലുള്ള ആയിരങ്ങളെയാണ് സർക്കാർ ചേർത്തുനിർത്തിയത്’’– സിന്ധു പറയുന്നു.
എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച് പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ‘സേഫ് ’ (സേഫ് സെക്യൂർ അക്കോമഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്‌മെന്റ്). അടിസ്ഥാന സൗകര്യങ്ങളുള്ള സുരക്ഷിത ഭവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി വഴി 2.5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. സംസ്ഥാനത്ത് ആയിരക്കണക്കിന് പട്ടികജാതി കുടുംബങ്ങൾക്ക് വീടുകൾ പൂർത്തിയാക്കാനും നവീകരിക്കാനും കഴിഞ്ഞു.
ആലപ്പുഴയിലെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്‌ചവച്ചത്. 2022–2025 കാലയളവിൽ 90 കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപവീതമാണ് സഹായം എത്തിച്ചു. 1.9 കോടി രൂപ എട്ട് പഞ്ചായത്തുകളിലും കായംകുളം മുനിസിപ്പാലിറ്റിയിലുമായി സേഫ് പദ്ധതിക്ക് ചെലവാക്കി. വീടുകളുടെ അറ്റകുറ്റപ്പണികൾ, മേൽക്കൂര പൂർത്തീകരണം, ശുചിമുറി, അടുക്കള നവീകരണം, പ്ലാസ്റ്ററിങ്, വയറിങ്, പ്ലംബിങ്, തറയിൽ ടൈൽ പാകൽ തുടങ്ങിയവയ്‌ക്കാണ് പണം നൽകിയത്.










0 comments