ad
Deshabhimani

print edition ശബരിമല സ്വർണമോഷണക്കേസ്; എസ്ഐടിക്ക് രണ്ടാഴ്ചകൂടി സമയം

sabarimala
വെബ് ഡെസ്ക്

Published on May 19, 2026, 12:00 AM | 1 min read

കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പപാളി, ശ്രീകോവിൽ കട്ടിളപ്പടി സ്വർണമോഷണക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷകസംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി രണ്ടാഴ്ചകൂടി അനുവദിച്ചു.


ലോഹപ്പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽനിന്ന് ലഭിക്കാൻ 10 ദിവസംകൂടി വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ് ശശിധരൻ അറിയിച്ച സാഹചര്യത്തിലാണിത്.


രാജ്യത്തെ മറ്റ്‌ ലാബുകളിൽ ഇത്തരം പരിശോധനകളില്ലാത്തതിനാൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാൻ റിപ്പോർട്ട് അനിവാര്യമാണെന്ന്‌ വ്യക്തമാക്കിയാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് എസ്ഐടിക്ക് സമയം അനുവദിച്ചത്. അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.


ലാബിലേക്ക്‌ 36 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. എക്‌സ്‌റേ ഫ്ലൂറസെൻസ് സ്‌പെക്‌ട്രോസ്‌കോപ്പി, ഇൻഡക്റ്റീവ് കപ്പിൾഡ് പ്ലാസ്‌മ മാസ് സ്‌പെക്‌ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്‌പെക്‌ട്രോസ്‌കോപ്പി തുടങ്ങിയ സങ്കീർണമായ പരിശോധനകളാണ് നടക്കുന്നത്.


ഫലം ലഭിച്ചാൽ മാത്രമെ നഷ്‌ടമായ സ്വർണത്തിന്റെ അളവ്, സ്വർണം പൂശിയതിലെ കൃത്യത, ചെന്പുതകിടുകളിലെ മാറ്റം തുടങ്ങിയവയിൽ വ്യക്തത വരികയുള്ളൂവെന്ന്‌ എസ്ഐടി കോടതിയെ അറിയിച്ചു.

ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെന്പുതകിടുകൾ നീക്കം ചെയ്തതിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതടക്കം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.


അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 91 സാക്ഷികളിൽനിന്ന്‌ മൊഴിയെടുത്തു. നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കുകയും മഹസർ തയ്യാറാക്കുകയും ചെയ്തു. ഡിജിറ്റൽ രേഖകളിലും മൊബൈൽ ഫോണുകളിലും പരിശോധന തുടരുകയാണെന്നും എസ്ഐടി അറിയിച്ചു. കേസ് ജൂൺ എട്ടിന്‌ വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home