print edition ശബരിമല തീർഥാടനത്തിന് ഇനി ഒരാഴ്‌ച; ഇവിടത്തെ കാര്യം ‘കഷ്ടമെന്റയ്യപ്പാ’

പമ്പയിൽ നിർമാണ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നു
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം ആരംഭിക്കാൻ ഇനി ഒരാഴ്‌ച മാത്രം. പമ്പയിലും നിലയ്‌ക്കലും ഒരുക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല. അവസാനനിമിഷം ഓടിച്ചിട്ട് അറ്റകുറ്റപ്പണി നടത്തി മുഖംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ സംവിധാനങ്ങൾ. ദിവസങ്ങൾക്കുള്ളിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
തീർഥാടകർക്ക് വിരിവയ്ക്കാനുള്ള ജർമ്മൻ പന്തലിന്റെ നിർമാണവും പൂർത്തിയായിട്ടില്ല. താൽക്കാലിക ശുചിമുറികളടക്കം പ്രവർത്തന സജ്ജമല്ല. പമ്പയിലെ ശുചീകരണ പ്രവർത്തനവും കൃത്യമായി നടക്കാത്തതിനാൽ മാലിന്യക്കൂന്പാരങ്ങളാണ് എവിടെയും. നിലയ്‌ക്കലിലും നിരവധി പ്രശ്നങ്ങളാണ് അവശേഷിക്കുന്നത്. ശുചിമുറികൾ ഇതുവരെ തുറന്നു കൊടുക്കാത്തത് വലിയ പരാതിക്ക് ഇടവരുത്തിയിട്ടുണ്ട്.
പാർക്കിങ് ഗ്രൗണ്ടും ഇവിടേക്കുള്ള റോഡും താറുമാറായി തന്നെ കിടക്കുന്നു. റോഡും പാർക്കിങ് ഗ്രൗണ്ടും സജ്ജമാക്കാത്തതു മൂലം ഡ്രൈവർമാർ അനുഭവിക്കുന്ന ദുരിതം ഏറെയാണ്. ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതര വീഴ്‌ചയാണ് ഉണ്ടായതെന്ന് ഡ്രൈവർമാർ പരാതിപ്പെട്ടു. ഇടത്താവളങ്ങളിലെ അവസ്ഥയും പരിതാപകരമാണ്. ജില്ലയിലെ പ്രധാന ഇടത്താവളമായ പത്തനംതിട്ട താഴെവെട്ടിപ്രത്തെ നഗരസഭ സ്ഥലത്ത് കുമിഞ്ഞുകൂടിയ മാലിന്യക്കൂന്പാരം നീക്കിയത് മാധ്യമങ്ങളിൽ വാർത്തകൾ വന്ന് വിവാദമായശേഷമായിരുന്നു.
തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പ്രധാന ചുമതല വഹിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ നോക്കുകുത്തികളാക്കി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചുചേർത്ത അവലോകനയോഗങ്ങളിലൊക്കെയും ഉയർന്നുകേട്ട ഒന്നാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് വർധിപ്പിക്കണമെന്ന ആവശ്യം. എന്നാൽ സർക്കാർ അതിനോടും മുഖംതിരിഞ്ഞ് നിൽക്കുകയാണ്. ശുചീകരണം, കുടിവെള്ളം, മാലിന്യ സംസ്‌കരണം, വഴിവിളക്കുകൾ തുടങ്ങിയവ ഉറപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർണായക പങ്കാണുള്ളത്.








0 comments