print edition ശബരിമല തീർഥാടനം ; ഇടത്താവളങ്ങൾ സജ്ജമെന്ന് ദേവസ്വം ബോർഡ്

Sabarimala.jpg
വെബ് ഡെസ്ക്

Published on Nov 08, 2025, 01:30 AM | 1 min read


കൊച്ചി

ശബരിമല മകര–മണ്ഡലകാല തീർഥാടനം അടുത്തയാഴ്ച തുടങ്ങാനിരിക്കേ ഇടത്താവളങ്ങൾ സജ്ജമാണെന്ന് ദേവസ്വം ബോർഡും റെയിൽവേയും ടൂറിസം പ്രമോഷൻ കൗൺസിലും ഹൈക്കോടതി ദേവസ്വംബെഞ്ചിനെ അറിയിച്ചു. ഇടത്താവളങ്ങളിൽ ശുചിത്വം ഉറപ്പാക്കും. കുടിവെള്ളവും താമസസൗകര്യവും ഒരുക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന്‌ ശബരിമല തീർഥാടർക്ക് പ്രത്യേക ക്യൂ ഒരുക്കും. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലും കെഎസ്ആർടിസി സ്റ്റാൻഡിലും പൊലീസ് കൗണ്ടറുണ്ടാകും. പ്രീപെയ്ഡ് ടാക്സികൾ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. സർക്കാർ കിഫ്ബി വഴി സജ്ജമാക്കുന്ന കൂടുതൽ ഇടത്താവളങ്ങളുടെ നിർമാണ പുരോഗതിയും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിലയിരുത്തി.


ശബരിമലയിലും എരുമേലിയിലുമടക്കം രാസകുങ്കുമത്തിന്റെയും പ്ലാസ്റ്റിക് സാഷെ പാക്കറ്റുകളുടെയും (ചെറുപാക്കറ്റുകൾ) വിൽപ്പന ഹെെക്കോടതി നിരോധിച്ചു. ഇക്കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡും ബന്ധപ്പെട്ട അധികൃതരും ഉറപ്പാക്കണമെന്ന് നിർദേശിച്ചു. മണ്ഡലകാലത്ത് ഇടത്താവളങ്ങളിൽ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി.


ശബരിമലയിലും പമ്പയിലും പ്ലാസ്റ്റിക് നിരോധിച്ചിട്ടുള്ളതാണ്. എരുമേലിയിൽ രാസകുങ്കുമവും ഷാമ്പൂ പാക്കറ്റുകളുമുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നം ഗ്രാമപഞ്ചായത്തിന്റെ അഭിഭാഷക ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിൽപ്പന നിരോധിച്ചത്.


പേട്ടതുള്ളാനെത്തുന്നവർ രാസകുങ്കുമം വിതറാറുണ്ട്‌. പിന്നീട്‌ ഇത്‌ കഴുകിക്കളയാൻ ഷാംപൂ, സോപ്പുപൊടി എന്നിവയുടെ ചെറിയ പാക്കറ്റുകളും ധാരാളമായി ഉപയോഗിക്കും. ആരോഗ്യകരമായ സാഹചര്യങ്ങളൊരുക്കാൻ എരുമേലി പഞ്ചായത്തും ചെങ്ങന്നൂർ നഗരസഭയും ഹെൽത്ത് ഇൻസ്പെക്ടർമാർമുഖേന നടപടിയെടുക്കണമെന്നും നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home