ad
Deshabhimani

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരർക്ക് ഹൈക്കോടതി നോട്ടീസ്

kandararu rajeevaru
വെബ് ഡെസ്ക്

Published on Mar 17, 2026, 06:20 PM | 1 min read

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീലിലാണ് കോടതി നടപടി. കേസിലെ വിചാരണക്കോടതിയായ കൊല്ലം വിജിലൻസ് കോടതി തന്ത്രിക്കെതിരെ തെളിവില്ലെന്ന് നടത്തിയ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു.


ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി എസ്ഐടി കോടതിയെ അറിയിച്ചു. ദ്വാരപാലക പാളികൾ സ്വർണ്ണം പൂശിയതാണെന്ന് ബോധ്യമുണ്ടായിട്ടും അവ ചെമ്പാണെന്ന് രേഖപ്പെടുത്തിയ മഹസറിൽ തന്ത്രി ഒപ്പുവെച്ചത് ദുരൂഹമാണ്.


സന്നിധാനത്തിന് പുറത്തേക്ക് സ്വർണ്ണപ്പാളികൾ കൊണ്ടുപോകരുതെന്ന നിയമം നിലനിൽക്കെയാണ് തന്ത്രി ഇതിന് അനുമതി നൽകിയത്. കേസിലെ നിർണ്ണായക തെളിവായ പ്രതിയുടെ അപേക്ഷയും തന്ത്രിയുടെ അനുമതി പത്രവും തയ്യാറാക്കിയത് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ സിസ്റ്റത്തിലെ ഒരേ വേഡ് ഫയലിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. തന്ത്രിയുടെ മൊബൈലിൽ നിന്ന് ദേവസ്വം മാനുവലിന് വിരുദ്ധമായതും താന്ത്രിക പദവിക്ക് നിരക്കാത്തതുമായ തെളിവുകൾ ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്. തന്ത്രി ഭക്തനായിരിക്കണമെന്ന പ്രാഥമിക യോഗ്യതയ്ക്ക് പോലും വിരുദ്ധമായ കാര്യങ്ങളാണ് ഫോണിലുണ്ടായിരുന്നതെന്നും എസ്ഐടി കോടതിയിൽ വാദിച്ചു.


നേരത്തെ, കേസിൽ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഈ നിരീക്ഷണം തെറ്റാണെന്നും അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇനി ഹൈക്കോടതിയുടെ വിശദമായ പരിഗണനയ്ക്ക് വരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home