print edition ശബരിമല സ്വർണക്കൊള്ള; മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചെന്ന് പങ്കജ് ഭണ്ഡാരി

തിരുവനന്തപുരം : ശബരിമലയിൽനിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷകസംഘത്തിന് മൊഴി നൽകി. തമിഴ്നാട്ടിലെയും കർണാടകത്തിലെയും ക്ഷേത്രങ്ങളിൽ ഉപയോഗിച്ചെന്നാണ് മൊഴി.
എസ്‌പി എസ് ശശിധരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെയും കർണാകടത്തിലെയും ക്ഷേത്രങ്ങളിൽ പരിശോധന തുടങ്ങി. 2020 മുതൽ സ്മാർട്ട് ക്രിയേഷൻസ് ഏറ്റെടുത്ത നിർമാണങ്ങൾ കണ്ടെത്താനാണിത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തും. കുറ്റപത്രത്തിൽ സാക്ഷിമൊഴിയും സാഹചര്യത്തെളിവും ഉൾപ്പെടുത്താനാണ് തീരുമാനം.
പ്രത്യേക ലായനി ഉപയോഗിച്ചാണ് സ്വർണം വേർതിരിച്ചതെന്നും മൊഴിയിലുണ്ട്. ഈ ലായനി ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ബുധനാഴ്ചയോടെ ലഭ്യമാകും. ഇത് രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്ഐടി തീരുമാനം. 1700 ഗ്രാം സ്വർണം ശബരിമലയിൽനിന്ന് മോഷ്ടിച്ചിട്ടുണ്ടെന്നാണ് വിഎസ്എസ്‍സിയുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷകസംഘത്തിന്റെ നിഗമനം.










0 comments