ad
Deshabhimani

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

kandararu rajeevaru
വെബ് ഡെസ്ക്

Published on Feb 10, 2026, 08:19 AM | 1 min read

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കി.


കേസിലെ മുഖ്യപ്രതികളുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചും ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടോ എന്നതിലുമാണ് അന്വേഷണം നടക്കുന്നത്. സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നീക്കം.


പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും തിരിച്ചും നടന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എസ്‌ഐടി പരിശോധിച്ചുവരികയാണ്. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.


സ്വർണക്കവർച്ച നടന്ന കാലയളവിൽ അസ്വാഭാവികമായ സാമ്പത്തിക കൈമാറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്തേക്കും.


നേരത്തെ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങൾ എസ്‌ഐടി പരിശോധിക്കുന്നുണ്ട്. കവർച്ച ചെയ്യപ്പെട്ട സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് സാമ്പത്തിക സ്രോതസ്സുകളിലേക്കും അന്വേഷണം നീളുന്നത്. കവർച്ച ചെയ്ത സ്വർണം വിറ്റഴിച്ച പണം എവിടെപ്പോയി എന്നതിലാണ് അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ശബരിമല സ്വർണക്കവർച്ച കേസിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾക്കിടെ തന്ത്രിക്കെതിരായ അന്വേഷണം കേസിൽ നിർണ്ണായകമാകും. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home