ad
Deshabhimani

print edition വീട്ടിൽപോയി നോക്കപ്പാ...

Sonia gandhi.jpg
വെബ് ഡെസ്ക്

Published on Apr 01, 2026, 01:09 AM | 4 min read

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളക്കാരുമായി അടുത്ത ബന്ധമുള്ള കോൺഗ്രസിന്റെ പ്രധാന നേതാവ്‌ രാഹുൽഗാന്ധി തന്നെ വീണ്ടും വിഷയമെടുത്തിട്ട്‌ കുരുക്കിലായി. കൊള്ളയുടെ സൂത്രധാരനും മുഖ്യപ്രതിയുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും കട്ട മുതൽ വാങ്ങിയ ഗോവർധനും തമ്മിൽ കോൺഗ്രസിനുള്ള ബന്ധമാണ്‌ ചർച്ച.

പോറ്റിയെയും തന്ത്രിയെയും അറസ്റ്റ്‌ ചെയ്യുന്നത്‌ തടയാൻ പലവഴിക്ക്‌ ശ്രമിച്ചവരാണ്‌ യുഡിഎഫും ബിജെപിയും. ‘അയ്യപ്പന്റെ തരി സ്വർണം കട്ടവരെ ആരെയും വെറുതെ വിടില്ല’ എന്ന നിലപാടിൽ എൽഡിഎഫും സർക്കാരും ഉറച്ചുനിന്നു. എൽഡിഎഫ്‌ ഒരു ഘട്ടത്തിലും സ്വർണക്കള്ളന്മാർക്കോ കളവിന്‌ കൂട്ടുനിന്നവർക്കോ വേണ്ടി വാദിച്ചില്ല. വീഴ്‌ച വരുത്തിയ സിപിഐ എം നേതാക്കളെ അകറ്റി നിർത്തുകയും ചെയ്തു.

അയ്യപ്പസംഗമം,
ഗൂഢാലോചന


​2025 സെപ്തംബർ 20ന്‌ നടന്ന ആഗോള അയ്യപ്പസംഗമത്തിന്‌ ദിവസങ്ങൾക്ക്‌ മുൻപാണ് സിപിഐ എം വിരുദ്ധ ചാനലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ദ്വാരപാലക ശിൽപ വെളിപ്പെടുത്തൽ. രണ്ട് താങ്ങ് പീoങ്ങൾ കാണാനില്ല എന്നായിരുന്നു വെളിപ്പെടുത്തൽ. പ്രതിപക്ഷ നേതാവും സംഘവും അതേറ്റുപിടിച്ചു.


ദേവസ്വം ബോർഡ്‌ നാല്‌ കിലോ സ്വർണ്ണം മോഷ്ടിച്ചെന്ന്‌ ആരോപിച്ചു. പീഠത്തിന്റെ അളവും തൂക്കവും സഹിതം ആരോപണം ഉന്നയിച്ചതോടെ ഗൂഢാലോചന മണത്തു. യുഡിഎഫ്‌ ഭരണകാലത്ത്‌ സന്നിധാനത്തെ അവസാന വാക്കായിരുന്ന പോറ്റിയെ അയ്യപ്പസംഗമത്തിന്‌ ക്ഷണിച്ചിരുന്നില്ല. ഇതിൽ നീരസമുള്ള പോറ്റിയുമായി യുഡിഎഫ്‌ നേതാക്കൾ ഗൂഢാലോചന നടത്തുകയായിരുന്നു.


യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌ നിരന്തരമായി കിളിമാനൂർ കാരേറ്റിലുള്ള വീട്ടിലെത്തി പോറ്റിയെ കണ്ടിരുന്നു. അടൂർ പ്രകാശും ആന്റോ ആന്റണിയും പോറ്റിയെ കൂട്ടി പലപ്രാവശ്യം സോണിയാ ഗാന്ധിയെ വീട്ടിൽ സന്ദർശിച്ചു. സോണിയയുടെ കൈയിൽ സ്വർണമെന്ന്‌ സംശയിക്കുന്ന വസ്തു കെട്ടിക്കൊടുക്കുന്ന ചിത്രവും പുറത്തുവന്നു.

പഴുതടച്ച അന്വേഷണം


പോറ്റി താങ്ങ്‌ പീഠത്തിന്റെ കാര്യം പറഞ്ഞതോടെ ഹൈക്കോടതി നിർദേശത്തിൽ സന്നിധാനത്ത്‌ പീഠമില്ലെന്ന്‌ ദേവസ്വം എസ്‌പി അന്വേഷിച്ച്‌ ഉറപ്പാക്കി. ഇതിനിടെ പോറ്റിയുടെ സഹായി വാസുദേവൻ പീഠങ്ങൾ താൻതന്നെ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ടെന്ന നിർണായക വിവരം വിജിലൻസിനെ അറിയിച്ചു.


തുടർന്നാണ്‌ ശബരിമലയിൽ സ്വർണം പൂശിയ 1998 മുതൽ 2025 വരെയുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന്‌ ഹൈക്കോടതിയോട്‌ ബോർഡ്‌ ആവശ്യപ്പെട്ടത്‌. സർക്കാരിനോ ബോർഡിനോ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു ഇ‍ൗ തീരുമാനം. ഹൈക്കോതിയുടെ മേൽനോട്ടത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു. പോറ്റിയുടെയും സംഘത്തിന്റെയും തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരികയും അവരെല്ലാം അകത്താകുകയും ചെയ്‌തു.


കരുണാകരനെപ്പോലും കയറ്റാത്ത വീട്ടിൽ 
പോറ്റിയെ കേറ്റിയതാര്‌?


സാക്ഷാൽ കെ കരുണാകരൻ ജനപഥിൽ സോണിയാ ഗാന്ധിയെ കാണാൻ ഡൽഹിയിൽ കാത്തുകെട്ടികിടന്ന്‌ കാണാനാകാതെ തിരിച്ചുപോന്നത്‌ ചരിത്രം. സോണിയയെയും രാഹുലിനെയും കാണാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ വിട്ട ബിജെപിയിൽ ചേർന്ന ഹിമന്ത്‌ ബിസ്വ സർമ ഇന്ന്‌ അസം മുഖ്യമന്ത്രിയാണ്‌. ഒരു സംസ്ഥാനമാണ്‌ അതിന്റെ പേരിൽ കോൺഗ്രസിന്‌ നഷ്‌ടമായത്‌. അത്രയേറെ അപ്രാപ്യമായ ഒരിടത്താണ്‌ ശബരിമല സ്വർണമോഷണക്കേസിലെ പ്രതികൾ അനായാസം സോണിയാ ഗാന്ധിയെ കണ്ടത്‌.


രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള വ്യക്തിയാണ്‌ സോണിയാഗാന്ധി. സാങ്കേതികമായി പറഞ്ഞാൽ ഇസഡ്‌ പ്ലസ്‌. ഇന്ന്‌ സിആർപിഎഫാണ്‌ സുരക്ഷ തീർക്കുന്നതെങ്കിലും പോറ്റി ജൻപഥിലെത്തിയ സമയത്ത്‌ എസ്‌പിജി സുരക്ഷയായിരുന്നു. 55 ഭടന്മാരാണ്‌ അന്ന്‌ അവർക്ക്‌ സുരക്ഷയൊരുക്കിയത്. സോണിയാ ഗാന്ധിയെ കാണാൻ ആദ്യം ജൻപഥിൽ അപേക്ഷ നൽകണം. സന്ദർശന ഉദ്ദേശവും വ്യക്തിഗത വിവരങ്ങളും നൽകണം.


അത്‌ സോണിയയുടെ സെക്രട്ടറി പരിശോധിച്ച്‌ പ്രിയങ്ക, സോണിയ എന്നിവർക്ക്‌ പ്രാഥമിക പരിശോധനയ്‌ക്ക്‌ കൈമാറും. പ്രാഥമിക അനുമതി കിട്ടിയാൽ അത്‌ സുരക്ഷാ വിഭാഗത്തിന്‌ കൈമാറും അവർ ആ വ്യക്തിയുടെ വിവരങ്ങൾ അന്വേഷിച്ച്‌ സെക്രട്ടറിക്ക്‌ റിപ്പോർട്ട്‌ നൽകും. അത്‌ വീണ്ടും സോണിയയ്‌ക്ക്‌ കൈമാറും.


അതിനു ശേഷമാകും തീയതിയും സമയവും അറിയിച്ചുള്ള അനുമതി ലഭിക്കുക അനുമതി ലഭിച്ചാലും പല തലത്തിലുള്ള സുരക്ഷാ പരിശോധന കഴിഞ്ഞാകും സോണിയാ ഗാന്ധിയെ കാണാൻ കഴിയുക. മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കൾക്ക്‌ മാത്രമാണ്‌ ഇളവ്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ ശബരിമല സ്വർണക്കൊള്ളക്കാരെ സോണിയയുടെ വീട്ടിൽ കയറ്റിയ ഉന്നത ഇടപെടൽ ചർച്ചയാകുന്നത്‌.


മുഖ്യമന്ത്രിക്കൊപ്പമുള്ളത്‌ 
എഐ വ്യാജചിത്രം


ഔദ്യോഗിക പരിപാടിയുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തും വെട്ടിമാറ്റിയുമാണ് മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ചത്. യഥാർഥ വീഡിയോ പുറത്തുവന്നതോടെ ആ കള്ളവും പൊളിഞ്ഞു. ചടങ്ങിന്റെ യഥാർഥ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം പാളി.


ബംഗളൂരു ഭീമ ഗോൾഡ് കേരള പൊലീസിന് ആംബുലൻസ് കൈമാറുന്ന ചടങ്ങിനെയാണ്‌ വളച്ചൊടിച്ചത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നൽകിയ നിവേദനത്തെത്തുടർന്നാണ്‌ ചടങ്ങ്‌ നടന്നത്‌. കഴിഞ്ഞ ആഗസ്ത് 20ന് സെക്രട്ടറിയറ്റ് നോർത്ത് ബ്ലോക്കിലായിരുന്നു പരിപാടി. സംസ്ഥാന പൊലീസ് മേധാവി റാവാഡ എ ചന്ദ്രശേഖർ, ഭീമ ഗോൾഡ് ഡയറക്ടർ വിഷ്ണുശരൻ കെ ഭട്ട്, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ തുടങ്ങിയവരും പങ്കെടുത്തു.


സ്പോൺസർമാരോടൊപ്പം എത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റി ഇതിനിടെ കയറിനിൽക്കുകയായിരുന്നു. പോറ്റിയോട് മുഖ്യമന്ത്രി സംസാരിച്ചിട്ടില്ല. പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്ന ദൃശ്യങ്ങൾ വെട്ടിമാറ്റി, എഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തിയാണ്‌ കോൺഗ്രസുകാർ പ്രചരിപ്പിച്ചത്‌.


ഇതിന്റെ പേരിൽ, സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിപ്പിച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യനെതിരെ കേസെടുത്തു. കലാപാഹ്വാനത്തിനാണ് ചേവായൂർ പൊലീസ് കേസെടുത്തത്. ‘പിണറായിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ അഗാധമായ ബന്ധമുണ്ടാകാൻ എന്തായിരിക്കും കാരണം' എന്ന അടിക്കുറിപ്പോടെയായിരുന്നു ക്രിസ്മസ് ദിനത്തിൽ ഉച്ചയോടെ കൃത്രിമ ചിത്രം പോസ്റ്റ് ചെയ്തത്‌.


അന്വേഷണത്തിൽ പൂർണതൃപ്തിയെന്ന് പലതവണ ഹൈക്കോടതി


ശബരിമല സ്വർണമോഷണക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്ഐടി) പ്രവർത്തനങ്ങളിൽ ബാഹ്യസമ്മർദം അനുവദിക്കില്ലെന്നും അവരുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഹെെക്കോടതി ദേവസ്വംബെഞ്ച്‌ നിരവധി തവണ വ്യക്തമാക്കി.

സംസ്ഥാനത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇടപെടേണ്ട സാഹചര്യമില്ല.


എല്ലാ കേസുകളും സിബിഐക്ക് വിടാനാകില്ല. എസ്‌ഐടി അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്‌. എസ്ഐടിക്ക് ഹൈക്കോടതിയോട് മാത്രമാണ് ഉത്തരവാദിത്വം. അന്വേഷക സംഘത്തിനുമേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദം ചെലുത്തുന്നുണ്ടെന്നും അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതിക്ക് പറയേണ്ടിവന്നു.


പൊതുജന മധ്യത്തിലുള്ള അഭ്യൂഹങ്ങൾക്കല്ല, കോടതിക്ക് മുന്നിലെത്തുന്ന വസ്തുതകൾക്കും ശാസ്ത്രീയ തെളിവുകൾക്കുമാണ് പ്രാധാന്യം. സിബിഐതന്നെ എല്ലാ കേസും അന്വേഷിക്കണമെന്നില്ല. പൊലീസിലെ ഉദ്യോഗസ്ഥരാണ് ഡെപ്യൂട്ടേഷനിൽ സിബിഐയിൽ പോകുന്നത്‌. എസ്ഐടി തലവൻ മുമ്പ് അഞ്ചുവർഷം സിബിഐയിലായിരുന്നു. സിബിഐ സമീപകാലത്ത് ഏത് കേസാണ് മികച്ചനിലയിൽ അന്വേഷിച്ചതെന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.


മാധ്യമ വിചാരണയിൽ പതറരുതെന്നും സ്വാധീനങ്ങൾക്ക്‌ വഴങ്ങരുതെന്നും അന്വേഷകസംഘത്തോട്‌ നിർദേശിച്ച കോടതി അന്വേഷണത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ കോടതിക്കറിയാമെന്നും വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home