print edition ശബരിമല സ്വർണമോഷണം: കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹെെക്കോടതി

കൊച്ചി: ശബരിമല സ്വർണമോഷണക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് എസ്‌ഐടിക്ക് ഹൈക്കോടതി നിർദേശം നൽകി. ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ 2019ൽ ചെന്നൈയ്ക്ക് കടത്തി സ്വർണം കവർന്ന കേസിൽ ആദ്യ കുറ്റപത്രം 30നകം സമർപ്പിക്കുമെന്ന് എസ്ഐടി അറിയിച്ചു. ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽനിന്ന് സ്വർണം കവർന്ന കേസിൽ അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. ഈ കേസിലും കുറ്റപത്രം വൈകരുതെന്ന് ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
സ്വർണമോഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി സെപ്തംബർ മൂന്നിന് വീണ്ടും പരിഗണിക്കും. എസ്ഐടി തലവൻ എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് പ്രോസിക്യൂഷൻ മുന്നോട്ടുപോകുന്നതെന്ന് റിപ്പോർട്ട് പരിശോധിച്ചശേഷം കോടതി നിരീക്ഷിച്ചു.
ജംഷെഡ്പുർ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലെ രാസപരിശോധനാഫലം സ്വർണപ്പാളികളിൽനിന്ന് സ്വർണം വേർതിരിച്ചെടുത്ത രീതി, കവർന്ന സ്വർണത്തിന്റെ അളവ്, തകിടുകളുടെ ഗുണനിലവാരം, ഘടന എന്നിവ കണ്ടെത്താൻ സഹായിച്ചു. സ്മാർട്ട് ക്രിയേഷൻസിൽനിന്ന് പിടിച്ചെടുത്ത സ്ട്രിപ്പിങ് സാൾട്ട് ഉപയോഗിച്ച് സ്വർണം വേർതിരിക്കാൻ കഴിയുമെന്നും തെളിയിക്കാനായി. പാളികളിൽ ആദ്യം ഉപയോഗിച്ച സ്വർണത്തിന്റെ ഗുണനിലവാരവും അളവും സ്മാർട്ട് ക്രിയേഷൻസിൽ പൂശുന്നതിന് ഉപയോഗിച്ച സ്വർണത്തിന്റെ അളവും കണ്ടെത്താൻ പരിശോധന സഹായിച്ചെന്നും എസ്ഐടി അറിയിച്ചു.
ജൂലൈ ആറിനാണ് ലബോറട്ടറിയിൽനിന്നുള്ള അന്തിമ റിപ്പോർട്ട് ലഭിച്ചതെന്നും ഇതാണ് അന്വേഷണം വൈകാനിടയാക്കിയതെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രം സമർപ്പിച്ചാലുടൻ പ്രോസിക്യൂഷൻ അനുമതിക്കായി അധികൃതരെ സമീപിക്കുമെന്നും എസ്ഐടി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി എസ് ശശിധരൻ കോടതിയിൽ ഹാജരായി.










0 comments