print edition ശബരിമല സ്വർണമോഷണക്കേസ്: അന്വേഷണം കുറ്റമറ്റത്

സ്വന്തം ലേഖിക
Published on Mar 14, 2026, 12:49 AM | 1 min read
കൊച്ചി: ശബരിമലയിലെ സ്വർണമോഷണക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്‌ഐടി) വീണ്ടും ഹെെക്കോടതിയുടെ അഭിനന്ദനം. അന്വേഷണം ശാസ്ത്രീയമായും കുറ്റമറ്റനിലയിലും പൂർത്തിയാക്കുകയാണ് ഈ ഘട്ടത്തിൽ പ്രധാനമെന്നും അതിനു സാവകാശം നൽകണമെന്നും കോടതി നിരീക്ഷിച്ചു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വിജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ശാസ്ത്രീയ പരിശോധനാഫലം ലഭിക്കാതെ കുറ്റപത്രം നൽകാനാകില്ല. അതിനു സാവകാശം നൽകണം. കുറ്റക്കാർ എന്നായാലും മറുപടി പറയേണ്ടിവരും. അന്വേഷണം എങ്ങനെ വേണമെന്ന് നിർദേശിക്കാൻ കോടതിക്കാകില്ല. മേൽനോട്ടംവഹിക്കുകയാണ് കോടതി ചെയ്യുന്നത്. കുറ്റപത്രത്തിൽ 20,000 പേജ് ഉണ്ടെന്നതിലോ ജാമ്യം നൽകുമ്പോൾ വിചാരണക്കോടതി എന്ത് പറഞ്ഞു എന്നതിലോ കാര്യമില്ല. പ്രതികൾക്കെതിരെ മുന്നോട്ടുപോകാൻ ശക്തമായ തെളിവുകളാണ് ആവശ്യം – ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
സ്വർണം പൊതിഞ്ഞ ലോഹപ്പാളികളുടെ അസ്സൽ മാറ്റിയിരുന്നോയെന്ന് കണ്ടെത്തേണ്ടതുണ്ട്. സാമ്പിളുകൾ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്കും ഭാഭാ ആണവ ഗവേഷണകേന്ദ്രത്തിലേക്കും അയച്ചിരിക്കുകയാണ്. അവിടെനിന്ന് പരിശോധനാഫലം ലഭിക്കട്ടെ. എല്ലാം നന്നായി വരികയല്ലേ വേണ്ടതെന്നും ഹർജിക്കാരോട് കോടതി ചോദിച്ചു. ഹർജിയിൽ സത്യവാങ്മൂലം നൽകാനും സർക്കാരിനോട് നിർദേശിച്ചു. ഹർജി വാദത്തിനായി രണ്ടാഴ്ചത്തേക്ക് മാറ്റി.
സിബിഐ അന്വേഷണം ആവശ്യപ്പെടുന്നവർ ഡൽഹി മദ്യനയ അഴിമതി കേസിലെ വിധി കണ്ടില്ലേ എന്നും കോടതി ചോദിച്ചു. പൊതുബോധത്തിന്റെ ആശങ്ക കണക്കിലെടുക്കേണ്ടതില്ല. സ്വർണ്ണപ്പാളി പരിശോധന നടത്താൻ രാജ്യത്ത് രണ്ട് ലാബുകളെ നിലവിലുള്ളൂ. അവിടെയാണ് പരിശോധന നടക്കുന്നത്. ആ പരിശോധനാഫലം വരട്ടെയെന്നും കോടതി പറഞ്ഞു.
ജാമ്യഹർജികൾ പരിഗണിച്ച കോടതികളിലും പൊതുസമൂഹത്തിലും നിലവിലെ അന്വേഷണത്തെക്കുറിച്ച് വിമർശമുണ്ടെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ, ഇതൊന്നും അലട്ടുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത്, യോഗക്ഷേമ സഭ തുടങ്ങിയവർ നൽകിയ ഹർജികളാണ് പരിഗണിക്കുന്നത്.










0 comments