print edition ശബരിപാത : നടപടികൾ അതിവേഗം; 303.5 ഹെക്ടർ ഏറ്റെടുക്കാൻ കലക്ടർമാർക്ക് അനുമതി

തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽപ്പാതയ്‌ക്കായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽനിന്ന് 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ കലക്ടർമാർക്ക് അനുമതി നൽകി.
ഇത് സംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. എറണാകുളം ജില്ലയിൽനിന്ന് 152.05 ഹെക്ടറും ഇടുക്കിയിൽനിന്ന് 31.64 ഹെക്ടറും കോട്ടയത്തുനിന്ന് 119.8 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉത്തരവിലുണ്ട്.
എറണാകുളം ജില്ലയിൽ 17 വില്ലേജുകളിലെയും ഇടുക്കിയിൽ മൂന്നും കോട്ടയത്ത് 13 വില്ലേജുകളിലെയുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഉത്തരവിറങ്ങിയതോടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും.
ജനുവരി അവസാനംവരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ നടപടി വേഗത്തിലാക്കിയത്.
പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാരാണ് നൽകുക. ഇതുപ്രകാരം കിഫ്‌ബി വഴി 1900 കോടി രൂപ നൽകും. ഭൂമി ഏറ്റെടുക്കാനുള്ള തുകയും ഇതിൽപ്പെടും. കേന്ദ്ര ബജറ്റിൽ പദ്ധതിക്കായി തുക മാറ്റിവച്ചിരുന്നില്ല.
ഇടുക്കിയെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവരികയും ശബരിമല തീർഥാടകർക്ക് സഹായമാകുകയും ചെയ്യുന്ന പദ്ധതി അത്യാവശ്യമാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. 1997–98 റെയിൽവേ ബജറ്റിൽ അനുവദിച്ച പദ്ധതിയാണിത്. അങ്കമാലിയിൽനിന്ന് കാലടി വരെയുള്ള റെയിൽവേ ലൈൻ പൂർത്തിയാക്കിയിട്ടുണ്ട്. 111 കിലോമീറ്ററാണ് നിർദിഷ്ട പദ്ധതി.









0 comments