print edition പത്തിന പരിപാടിയിൽ ശബരി റെയിൽപ്പാത

തിരുവനന്തപുരം: എൽഡിഎഫ് മൂന്നാംവട്ടം അധികാരത്തിലെത്തിയാൽ ആദ്യ പത്തിനപരിപാടിയിൽ അങ്കമാലി–എരുമേലി ശബരിപാതയും. നിർമാണത്തിനുള്ള പകുതി തുകയിൽ 1900 കോടി കിഫ്‌ബി വഴി അനുവദിച്ചു.
ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി റവന്യു ഓഫീസുകളും തയ്യാറായി. തെരഞ്ഞെടുപ്പിന് പിന്നാലെ മറ്റ് നടപടികൾ ആരംഭിക്കും. ഇരട്ടപ്പാതയ്‌ക്കുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്. ബ്രോഡ് ഗേജായി പാളം നിർമിക്കുന്നതിനായി റെയിൽവേ 505 കോടിയും നീക്കിവച്ചു. ഇതോടെ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ പദ്ധതിക്ക് പുതുജീവൻ ലഭിച്ചിരിക്കുകയാണ്.
70 കിലോമീറ്റർ കല്ലിട്ട് വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് വേഗത്തിൽ തുക ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്കും വോട്ടെടുപ്പിനുശേഷമുള്ള ദിവസങ്ങളിൽ തുടക്കമാകും. ഇടുക്കിയെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയെന്ന സവിശേഷതയും ഇതിനുണ്ട്.
കൂടാതെ എരുമേലിയിൽനിന്ന് പത്തനംതിട്ട വഴി പുനലൂരിലേക്കും അവിടെനിന്ന് തിരുവനന്തപുരം ജില്ലയിലെ കിഴക്കൻമേഖലയായ നെടുമങ്ങാട് വഴി തിരുവനന്തപുരം സെൻട്രൽ–കന്യാകുമാരി പാതയുമായി ബന്ധിപ്പിക്കുന്ന സാധ്യതാ പഠനത്തിനായി സംസ്ഥാന ബജറ്റിൽ തുകയും വകയിരുത്തിയിട്ടുണ്ട്. നേമത്തുവച്ചാണ് കന്യാകുമാരി പാതയിൽ ചേർക്കാൻ പ്രാഥമികാലോചന നടന്നത്. കൊല്ലം–ചെങ്കോട്ട പാതയുടെ വികസനത്തിനും പദ്ധതി ഗുണകരമാകും.
വിവേചനം തുടരുന്നു
1997–98 ൽ റെയിൽവേ ബജറ്റിൽ അനുവദിച്ച ശബരി പദ്ധതിയുടെ പൂർത്തീകരണം സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയാണ്. കേന്ദ്രസർക്കാർ നിർമാണത്തിന്റെ പകുതി തുകയാണ് കേരളത്തിനോട് ആവശ്യപ്പെട്ടത്. അതംഗീകരിച്ചാണ് പദ്ധതിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.
ഇത്രയും ബാധ്യത മറ്റൊരു സംസ്ഥാനത്തിനും കേന്ദ്രം അടിച്ചേൽപ്പിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ തീർഥാടനകേന്ദ്രങ്ങളിലേക്ക് നിർമിക്കുന്ന റെയിൽപ്പാതയുടെ മുഴുവൻ നിർമാണ ചെലവും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.









0 comments