പാളം തെറ്റി ശബരി റെയിൽ; പദ്ധതി ഇല്ലാതാക്കാൻ തീവ്രശ്രമത്തിൽ യുഡിഎഫ്

എഐ പ്രതീകാത്മകചിത്രം
തിരുവനന്തപുരം : ഭൂമിയേറ്റെടുക്കല്‍ മരവിപ്പിച്ച് ശബരി റെയില്‍ പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുമ്പോൾ ഇല്ലാതെയാകുന്നത് സംസ്ഥാനത്തിന്റെയൊന്നാകെ പുരോഗതിയിലേക്ക് സംഭാവന ചെയ്യാൻ സാധിക്കുന്ന സ്വപ്നപദ്ധതി. തേനിയിൽനിന്ന് എരുമേലിയിലേക്ക് റെയിൽപ്പാത നിർമിക്കാൻ തമിഴ്നാട് അനുമതി തേടിയ സാഹചര്യത്തിലും ശബരി പദ്ധതിയിൽ യുഡിഎഫ് സർക്കാർ അലംഭാവം തുടരുകയാണ്. കേരളത്തിന്റെയൊന്നാകെ സ്വപ്നപദ്ധതിയായ ശബരി പാത ഉപേക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫിന്റേത്. കേന്ദ്രം മരവിപ്പിച്ച പദ്ധതിക്ക് നിരന്തര ഇടപെടലിലൂടെയാണ് എൽഡിഎഫ് സർക്കാർ അനുമതി നേടിയെടുത്ത്. നിർമാണത്തിന്റെ പകുതി തുകയാണ് കേന്ദ്രസർക്കാർ കേരളത്തിനോട് ആവശ്യപ്പെട്ടത്. അതംഗീകരിച്ചാണ് പദ്ധതിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയത്.
ഇത്രയും ബാധ്യത മറ്റൊരു സംസ്ഥാനത്തിനും കേന്ദ്രം അടിച്ചേൽപ്പിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ തീർഥാടനകേന്ദ്രങ്ങളിലേക്ക് നിർമിക്കുന്ന റെയിൽപ്പാതയുടെ മുഴുവൻ നിർമാണ ചെലവും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. എന്നാൽ കേന്ദ്രത്തിന്റെ കടുംപിടിത്തം അംഗീകരിച്ചും പദ്ധതിയുടെ ചിലവ് വഹിക്കാൻ തയാറായ എൽഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി വേഗത്തിലാക്കിയിരുന്നു. കേരളത്തിന് വലിയ സാമ്പത്തിക പുരോഗതി നല്‍കുകയും മലയോരമേഖലയെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവരികയും ശബരിമല തീർഥാടകർക്ക് സഹായമാകുകയും ചെയ്യുന്ന പദ്ധതി അത്യാവശ്യമാണെന്ന നിലപാടിലായിരുന്നു എൽഡിഎഫ് സർക്കാർ.
എന്നാൽ എൽഡിഎഫ് ആരംഭിച്ച ജനവികസന പദ്ധതികളെല്ലാം അവസാനിപ്പിക്കുന്ന പതിവ് രീതിയാണ് ഇവിടെയും യുഡിഎഫ് പിന്തുടരുന്നത്. പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ വാദം. എന്നാൽ വിശദമായ പഠനത്തിന് ശേഷമാണ് എൽഡിഎഫ് സർക്കാർ കേന്ദ്ര അനുമതി തേടിയതും സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങിയതെന്നുമിരിക്കെ വീണ്ടും പഠനം ആവശ്യമാണെന്ന വാദം ദുരൂഹമാണ്. പദ്ധതി എന്നന്നേക്കുമായി നിർത്തിവയ്ക്കാനുള്ള ശ്രമമാണിതെന്ന് വ്യക്തം.
മാർച്ച് അഞ്ചിന് റെയിൽപ്പാതയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. 303 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. കിഫ്‌ബി വഴി 1900 കോടി രൂപ നൽകാനും തീരുമാനമായി. ഇതുപ്രകാരം 70 കിലോമീറ്റർ കല്ലിട്ട് വച്ചു. ഈ ഭൂമിയുടെ ഉടമസ്ഥർക്ക് വേഗത്തിൽ തുക ലഭ്യമാക്കാനും നടപടികളാരംഭിച്ചു. എന്നാൽ യുഡിഎഫ് പദ്ധതി തകർക്കാനാരംഭിച്ചതോടെ ഭൂവുടമകളും ആശങ്കയിലാണ്. റെയിൽപാത നിർമാണത്തിനായി വിജ്ഞാപനം ചെയ്ത ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയാത്ത സ്ഥിതിയാണ്. അങ്കമാലിയിൽ തുടങ്ങി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, കരിങ്കുന്നം, പിഴക്, പ്രവിത്താനം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളിവഴി എരുമേലിയിൽ എത്തുന്നതാണ് പാത. ആകെ 14 സ്‌റ്റേഷനുകൾ.
30 വർഷംമുമ്പ് കേന്ദ്രസർക്കാർ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ്, ബിജെപി സർക്കാരുകൾ അവഗണിച്ച ശബരിപാതയ്‌ക്ക് ജീവൻ വച്ചത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്. 2016 മുതൽ സംസ്ഥാന സർക്കാർ നിരന്തര ഇടപെടൽ നടത്തിയിട്ടും 2026 ജനുവരി അവസാനംവരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചുനിർത്തി. പദ്ധതിക്ക് അനുമതി നൽകിയതോടെ അതിവേഗത്തിൽ സർക്കാർ നടപടികൾ ആരംഭിച്ചു. എന്നാൽ ഇപ്പോള്‍ യുഡിഎഫ് സർക്കാർ പദ്ധതിയുടെ കടയ്ക്കൽ കത്തിവയ്ക്കുകയാണ്.
തമിഴ്നാടിന്റെ ആവശ്യത്തിനുപിന്നാലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് റെയിൽപ്പാത നിർമിക്കുന്ന കാര്യം റെയിൽവേ പരിഗണിക്കുന്നുണ്ട്. തേനിയിൽനിന്ന് കമ്പം, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് വഴി 95 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ബ്രോഡ് ഗേജ് പാതയാണ് പരിഗണിക്കുന്നത്. ഇതിന്റെ സർവേ നടത്താൻ അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.
എന്നാൽ ഇതിനും വർഷങ്ങൾക്ക് മുമ്പു തന്നെ ആലോചിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ച പദ്ധതിയെ കേവലം തള്ളിക്കളഞ്ഞ് വികസനം ഇല്ലാതാക്കുകയാണ് യുഡിഎഫ്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ അങ്കമാലി - ശബരി പാത ഒരിക്കലും നടക്കാതിരിക്കാനാണ് സാധ്യത.
തേനി – എരുമേലി പാത കേരളത്തിന് കാര്യമായി ഗുണം ചെയ്യില്ല. എന്നാൽ ഇതൊന്നും കണക്കാക്കാതെ പദ്ധതിയുടെ ഫയലുകൾ മേശപ്പുറത്തുവച്ച് പൊടിപിടിപ്പിക്കുകയാണ്. ജനങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കേണ്ട സർക്കാർ തന്നെ മുൻ സർക്കാരിന്റെ വികസന പദ്ധതികൾ ഓരോന്നായി തകർത്ത് സംസ്ഥാനത്തിന്റെയാകെ പുരോഗതിക്ക് കത്തിവയ്ക്കുകയാണ്.










0 comments