ad
Deshabhimani

നിയമനത്തിലും യുഎഇ മുന്നേറ്റം

dubai job office
വെബ് ഡെസ്ക്

Published on Aug 15, 2026, 06:08 PM | 1 min read

ദുബായ് : കോവിഡിനുശേഷമുള്ള തൊഴിൽ നിയമന വീണ്ടെടുപ്പിൽ ലോകത്തെ പ്രധാന വിപണികളിൽ യുഎഇ മുൻനിരയിലെന്ന് റിപ്പോർട്ട്. ലിങ്ക്ഡ്ഇനും യുഎഇ വിദേശവ്യാപാര മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ‘യുഎഇ ഇക്കണോമിക് ഗ്രാഫ് റിപ്പോർട്ട് 2026’ൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025ൽ യുഎഇയിലെ നിയമന പ്രവർത്തനങ്ങൾ 2019ലെ നിലവാരത്തേക്കാൾ ഉയർന്ന നിലയിൽ തുടർന്നു. ആഗോളതലത്തിൽ ഇത്തരത്തിൽ തൊഴിൽ നിയമനം നിലനിർത്തിയ രാജ്യങ്ങളുടെ ചെറുപട്ടികയിലാണ് യുഎഇ ഇടംപിടിച്ചത്. തൊഴിൽ വിപണിയുടെ ശക്തിയും സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2026 ജൂണിലെ പ്രാഥമിക കണക്കുകളും നിയമനത്തിലും രാജ്യത്തേക്കുള്ള പ്രതിഭകളുടെ ഒഴുക്കിലും വീണ്ടെടുപ്പിന്റെ സൂചനകൾ നൽകുന്നു. വർഷത്തിന്റെ തുടക്കത്തിൽ മേഖലയിൽ നിലനിന്ന അനിശ്ചിതത്വങ്ങൾക്കുശേഷമാണ് മുന്നേറ്റം.


​ലിങ്ക്ഡ്ഇൻ തൊഴിൽശക്തി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തൊഴിൽ പ്രവണതകൾ, തൊഴിലാളികളുടെ നൈപുണ്യം, യുഎഇയിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച എന്നിവയും റിപ്പോർട്ട് പരിശോധിച്ചു. ​2019നെ അപേക്ഷിച്ച് ഏറ്റവും വലിയ നിയമന വർധന രേഖപ്പെടുത്തിയത് റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. വിദ്യാഭ്യാസം, നിർമാണം, ആരോഗ്യസംരക്ഷണം, ഭരണസേവനങ്ങൾ, ഗതാഗതം–ലോജിസ്റ്റിക്സ്‌ മേഖലകളും ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിയമനനില രേഖപ്പെടുത്തി. രാജ്യാന്തര പ്രതിഭകളെ ആകർഷിക്കുന്നതിലും യുഎഇ മുൻനിരയിൽ തുടരുന്നു. 2025ൽ നെറ്റ് ടാലന്റ് മൈഗ്രേഷൻ കണക്കിൽ ലോകത്തെ പ്രധാന രാജ്യങ്ങളുടെ പട്ടികയിൽ രാജ്യം ഇടംനേടി. ഫിൻടെക് നൈപുണ്യത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനവും ജനസംഖ്യാനുപാതത്തിൽ നിർമിത ബുദ്ധി മേഖലയിലെ പ്രതിഭകളെ ആകർഷിക്കുന്നതിൽ രണ്ടാം സ്ഥാനവും യുഎഇ നേടി. സാങ്കേതികവിദ്യ–മാധ്യമം, പ്രൊഫഷണൽ സേവനങ്ങൾ, നിർമാണം എന്നീ മേഖലകളിലാണ് ഡിജിറ്റൽ നൈപുണ്യങ്ങളുടെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്.


തൊഴിൽ മേഖലയിൽ സ്ത്രീകളുടെ നേതൃത്വപങ്കാളിത്തത്തിലും പുരോഗതിയുണ്ട്. 2015ൽ 18.8 ശതമാനമായിരുന്ന സ്ത്രീകളുടെ നേതൃത്വപ്രാതിനിധ്യം 2025ൽ 21.9 ശതമാനമായി ഉയർന്നു. ​ആഗോള പ്രതിഭകൾക്കും നൂതനാശയങ്ങൾക്കും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്കുമുള്ള പ്രധാന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തമാകുന്നതാണ് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home