റവന്യു വകുപ്പ് ഉടൻ നടപടി ആരംഭിക്കും , കിഫ്‌ബി വഴി പണം അനുവദിച്ച് ഉടൻ ഉത്തരവിറക്കും
print edition ശബരി റെയിൽപ്പാത : ഭൂമി ഏറ്റെടുക്കാൻ 1361 കോടി ഉടൻ , സംസ്ഥാന സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം
അങ്കമാലി –എരുമേലി ശബരി റെയിൽപ്പാതയ്‌ക്കായി നിർമാണ ചെലവിന്റെ പകുതി പങ്കിടാമെന്ന മന്ത്രിസഭായോഗം തീരുമാനം അംഗീകരിച്ച് സർക്കാർ വെള്ളിയാഴ്‌ച ഉത്തരവിറക്കി. ഇക്കാര്യം ഉടൻ കേന്ദ്രറെയിൽവേ മന്ത്രാലയത്തെ അറിയിക്കും. ദക്ഷിണറെയിൽവേയിൽനിന്ന് അലൈൻമെന്റും ലോക്കേഷൻ മാപ്പും ലഭിച്ചാൽ റവന്യു വകുപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും. ഉത്തരവിന്റെ പകർപ്പ് ദക്ഷിണറെയിൽവേ ജനറൽ മാനേജർക്കും അയച്ചു.
റെയിൽപ്പാതയ്‌ക്കായി ഇനി ഏറ്റെടുക്കേണ്ട 391.6 ഹെക്ടർ ഭൂമിക്കായി 1361 കോടി രൂപ അനുവദിച്ച് ഉടൻ ഉത്തരവിറങ്ങും. ഭൂമിയുടെ നഷ്ടപരിഹാര തുകയടക്കം പദ്ധതി ചെലവിന്റെ പകുതി സംസ്ഥാന സർക്കാരാണ് നൽകുന്നത്. പദ്ധതിക്കുള്ള ആകെ ചെലവ് 3,800.9 കോടിയാണ്. ഇതിൽ 1900.4 കോടിയാണ് സംസ്ഥാനം നൽകുന്നത്.
416 ഹെക്ടറാണ് പദ്ധതിക്ക് വേണ്ടത്. 24.4 ഹെക്ടർ ഭൂമി ഏറ്റെടുത്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഭൂമി ഏറ്റെടുക്കുക. ഇതിന് സ്‌പെഷ്യൽ ഓഫീസറെ റവന്യൂ വകുപ്പ് നിയമിക്കും. പദ്ധതിക്ക് കിഫ്‌ബി വഴി പണം അനുവദിച്ച് ഉടൻ ഉത്തരവിറക്കും. കഴിഞ്ഞ മന്ത്രിസഭായോഗമാണ് പണം നൽകാൻ തീരുമാനിച്ചത്.
1997–98ൽ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ ആവശ്യമായ ഫണ്ട് നീക്കിവയ്‌ക്കാതെ നീട്ടി കൊണ്ടുപോകുകയായിരുന്നു. മാറി മാറി വന്ന യുഡിഎഫ് സർക്കാരും വേണ്ടത്ര താൽപ്പര്യം കാട്ടിയില്ല. ഇതോടെ 550 കോടിയായിരുന്ന ചെലവ് കുതിച്ചുയർന്നു. വേഗം നിർമാണപ്രവർത്തനം പുനരാരംഭിക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുണ്ട്. നിർമാണം റെയിൽവേ –സംസ്ഥാനസർക്കാർ സംയുക്ത സംരംഭമായ കെ റെയിലിനെ ഏൽപ്പിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്.
ഇക്കാര്യത്തിൽ റെയിൽവേ തീരുമാനം അറിയിച്ചില്ല. അതല്ലെങ്കിൽ റെയിൽവേ കരാർ ക്ഷണിച്ച് നടപ്പാക്കേണ്ടി വരും. അതേസമയം കേന്ദ്ര ബജറ്റ് കഴിഞ്ഞ് അഞ്ചുദിവസം പിന്നിട്ടിട്ടും പദ്ധതിക്ക് റെയിൽവേ എത്ര തുക നീക്കിവച്ചെന്ന് അറിയിച്ചിട്ടില്ല. റെയിൽവേ വികസനത്തിന് ആകെ 3795 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ഭൂരിഭാഗവും സ്‌റ്റേഷനുകളുടെ നവീകരണത്തിനാണെന്നാണ് സൂചന.
റെയിൽവേ മേൽപ്പാലം നിർമാണം
82 ശതമാനവും കേരളത്തിന്റെ പങ്കാളിത്തത്തിലെന്ന് കേന്ദ്രം
സംസ്ഥാനത്തെ റെയിൽവേ മേൽപ്പാലം നിർമാണപദ്ധതിയുടെ 82 ശതമാനവും കേരളസർക്കാരിന്റെ പങ്കാളിത്തത്തോടെയാണെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി. 4,392 കോടിരൂപ ചെലവ് വരുന്ന 139 റെയിൽവേ മേൽപ്പാലങ്ങൾക്ക് കേരളത്തിൽ അനുമതി നൽകി. ഇതിൽ, 4,056 കോടി ചെലവ് വരുന്ന 107 പാലങ്ങളും (മൊത്തം ചെലവിന്റെ 82 ശതമാനത്തിൽ അധികം) കേരളസർക്കാരുമായുള്ള ചെലവ് പങ്കിടൽ അടിസ്ഥാനത്തിലാണ് നിര്‍മിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
876 കോടി ചെലവ് വരുന്ന 32 പദ്ധതികൾക്ക് മാത്രമേ റെയിൽവേ പൂർണമായും ധനസഹായം നൽകുന്നുള്ളൂ. മേൽപാലത്തിനുള്ള ഭൂമി കണ്ടെത്താൻ പോലും റെയിൽവേ തയ്യാറല്ല. സംസ്ഥാനസർക്കാർ ഏറ്റെടുത്ത് നൽകുന്ന ഭൂമിയിലാണ് മേൽപ്പാലം നിർമിക്കുന്നത്. റെയിൽവേ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗതാഗത തടസ്സങ്ങൾ പരിഹരിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വംപോലും ഏറ്റെടുക്കാതെ, സംസ്ഥാന സർക്കാരിന്റെ പുറത്ത് മുഴുവൻ ഭാരവും അടിച്ചേൽപ്പിക്കുന്ന സമീപനമാണ് റെയിൽവേയുടെതെന്ന് ശിവദാസൻ ചൂണ്ടിക്കാട്ടി.









0 comments