കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തില്ല; തരൂരിന്റെ ലക്ഷ്യം വിദേശകാര്യ മന്ത്രിസ്ഥാനം: മണിശങ്കർ അയ്യർ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യർ. ശശി തരൂർ, ജയറാം രമേശ്, പവൻ ഖേര എന്നിവരുൾപ്പെടെയുള്ള നേതാക്കളെയാണ് മണി ശങ്കർ രൂക്ഷമായി വിമർശിച്ചത്. എഐസിസി വക്താവ് പവൻ ഖേര ഒരു പാവയാണെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. ദേശിയ മാധ്യമമായ എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
കഴിഞ്ഞ രണ്ട് വർഷമായി പവൻ ഖേര തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു വക്താവിനെ കണ്ടെത്താൻ കഴിയാതെവന്നാൽ കോൺഗ്രസിന്റെ സ്ഥിതി വീണ്ടും മോശമാകുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. തിരുവനന്തപുരത്തെ കോൺഗ്രസ് എംപി ശശി തരൂരിനെയും അയ്യർ രൂക്ഷമായി വിമർശച്ചു. ഓപ്പറേഷൻ സിന്ദൂർ പോലുള്ള വിഷയങ്ങളിൽ പാർടി നേതൃത്വവുമായി വലിയ തർക്കമുണ്ടായിട്ടുണ്ട്. തരൂരിനെ "പാകിസ്ഥാൻ വിരുദ്ധൻ" എന്നാണ് മണിശങ്കർ അയ്യർ വിശേഷിപ്പിച്ചത്. അടുത്ത വിദേശകാര്യ മന്ത്രി ആകാനുള്ള തയാറെടുപ്പിലാണ് തരൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് "തന്റെ ജോലി നോക്കണമെന്നും" എന്നും അയ്യർ പറഞ്ഞു.
'കോൺഗ്രസ് ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നിപ്പ് രൂക്ഷമാണ്. അങ്ങനെയിരിക്കെ കേരളത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മറ്റ് പാർടികളെ വെറുക്കുന്നതിനേക്കാളേറെ പരസ്പരം വെറുക്കുന്നു' - മണി ശങ്കർ പറഞ്ഞു. കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് അദ്ദേഹം ആവർത്തിച്ചു.
കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031ൽ പങ്കെടുത്ത് സംസാരിക്കവേ, അടുത്ത തെരഞ്ഞെടുപ്പിലും ഇടത് സർക്കാർ ഭരണം തുടരുമെന്ന് മണിശങ്കർ അയ്യർ പറഞ്ഞിരുന്നു. പഞ്ചായത്ത് രാജ് പദ്ധതികൾ പൂർണ തോതിൽ നടപ്പിലാക്കിയ ഏക സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ വികസന മാതൃകയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു. വിഷൻ 2031സമ്മേളനം ബഹിഷ്‌ക്കരിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കളെ മണിശങ്കർ അയ്യർ വിമർശിച്ചു.
എന്നാൽ മണിശങ്കർ അയ്യറുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വ്യപക സൈബർ ആക്രമണമാണ് നടക്കുന്നത്. വർഷങ്ങളായി അദ്ദേഹത്തിന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞതെന്നും പവൻ ഖേര കുറ്റപ്പെടുത്തി.










0 comments