print edition ശോഭാ സുരേന്ദ്രൻ പക്ഷത്തിന് വീണ്ടും ആർഎസ്‌എസിന്റെ വെട്ട്

ശോഭാ സുരേന്ദ്രൻ

സ്വന്തം ലേഖകൻ
Published on Mar 07, 2026, 01:26 AM | 1 min read
ആലപ്പുഴ: ബിജെപിയിൽ ഗ്രൂപ്പ് പ്രവർത്തനം ശക്‌തമാക്കാനൊരുങ്ങിയ ശോഭാ സുരേന്ദ്രൻ പക്ഷത്തിന് വീണ്ടും ആർഎസ്‌എസിന്റെ വെട്ട്. ബിജെപി വളവനാട് മേഖലാ പ്രസിഡന്റായി ശോഭാ സുരേന്ദ്രൻ പക്ഷത്തിന്റെ പിന്തുണയോടെ ചുമതലയേറ്റയാളെ ആർഎസ്‌എസ് ഇടപെട്ട് ഒറ്റദിവസംകൊണ്ട് സ്ഥാനഭ്രഷ്‌ടനാക്കി. ഷാൻ വധക്കേസിലെ 11–ാം പ്രതികൂടിയായ കാട്ടൂർ സ്വദേശി കെ എം രതീഷിനെയാണ് നീക്കിയത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ആർഎസ്‌എസ് നേതൃത്വം ഇത് രണ്ടാംതവണയാണ് ശോഭാ സുരേന്ദ്രൻ പക്ഷത്തെ വെട്ടിയത്.
ജില്ലാ പ്രസിഡന്റുപോലും അറിയാതെയാണ് വളവനാട് മേഖലാ പ്രസിഡന്റിനെ നിയമിച്ചതെന്ന് ഒരുവിഭാഗം ബിജെപി പ്രവർത്തകർ പറയുന്നു. രതീഷിന് പകരമായി നിയമിച്ചത് ജനറൽ സെക്രട്ടറിയായിരുന്ന പി പ്രശോദിനെയാണ്. ജനറൽ സെക്രട്ടറിയായി എം എ അജിത്തിനെയും നിയമിച്ചു.
സംസ്ഥാന, ജില്ലാ നേതൃത്വങ്ങളോട് അതൃപ്‌തിയുള്ള ചില നേതാക്കളെ ഒപ്പംനിർത്തി ജില്ലയിൽ മേൽക്കൈ നേടാൻ ശോഭാ സുരേന്ദ്രൻ പക്ഷം വളരെക്കാലമായി ശ്രമിച്ചുവരികയായിരുന്നു. ജില്ലാ നേതൃത്വത്തെ മറികടന്ന് സ്വന്തംനിലയിൽ കാര്യങ്ങൾ തീരുമാനിക്കാൻ ഇവർ നീക്കം നടത്തി. ഇതോടെയാണ് ബിജെപിയിൽ പ്രശ്‌നങ്ങൾ രൂക്ഷമായത്.
പലതവണ പരാതിയുണ്ടായതോടെയാണ് ആർഎസ്‌എസിന്റെ നേരിട്ടുള്ള ഇടപെടലെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബിജെപി ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറിയും ശോഭാ സുരേന്ദ്രൻ പക്ഷക്കാരനുമായ കുവെ സുരേഷിനെയാണ് ആർഎസ്‌എസ് നേതൃത്വം ഇടപെട്ട് ആദ്യം നീക്കിയത്. ഇത്തരം നടപടി ബിജെപിയിൽ ഗ്രൂപ്പുകളുടെ പുതിയ സമവാക്യം സൃഷ്‌ടിക്കുമെന്നാണ് പ്രവർത്തകർ നൽകുന്ന സൂചന.










0 comments