print edition സംഘപരിവാർ സ്‌കോളർഷിപ്പിന് അനുമതിയുമായി സംസ്ഥാനം; വിവാദമായതോടെ അനുമതി റദ്ദാക്കി


സ്വന്തം ലേഖകൻ
Published on Nov 15, 2026, 12:59 AM | 1 min read
തിരുവനന്തപുരം
: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ സ്‌കോളർഷിപ്പിനായുള്ള മത്സരത്തിന് പൊതുവിദ്യാലയങ്ങളിൽ സൗകര്യമൊരുക്കി പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനുമതി. വിവാദമായതോടെ, മത്സരം നടത്തുന്നതിന് പൊതുവിദ്യാലയങ്ങൾക്കുള്ള അനുമതി മന്ത്രി എൻ ഷംസുദീൻ ഇടപെട്ട് റദ്ദാക്കി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് റിപ്പോർട്ട് തേടി.
മുസ്ലിംലീഗ് നിയന്ത്രിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിൽ ആർഎസ്‌എസ് തീരുമാനങ്ങൾ നടപ്പിലാക്കുന്നു എന്ന് ലീഗിൽത്തന്നെ വിമർശം ഉയരുമ്പോഴാണ് പുതിയ വിവാദം.
സംഘപരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി മാസികയുടെ ‘യങ് സ്‌കോളർ എക്‌സാം’ നടത്തുന്നതിനാണ് പൊതുവിദ്യാലയങ്ങൾ വിട്ടുകൊടുത്തത്. ആദ്യമായാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ സ്‌കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുന്നത്. മുൻപും അനുമതി തേടിയിരുന്നെങ്കിലും നൽകിയിരുന്നില്ല.
ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) ആണ് മയിൽപ്പീലിയുമായി സഹകരിച്ച് മത്സരം സംഘടിപ്പിക്കുന്നത്. എൻടിയു ജനറൽ സെക്രട്ടറി ടി അനൂപ് കുമാറിന് നൽകിയ അനുമതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കുവേണ്ടി ജോയിന്റ് ഡയറക്‌ടർ എ അബൂബക്കർ ആണ് ഒപ്പുവച്ചിരിക്കുന്നത്. മന്ത്രിയുടെ അറിവില്ലാതെ അനുമതി നൽകില്ലെന്നും വിവരം പുറത്തായതോടെയാണ് അനുമതി റദ്ദാക്കലും റിപ്പോർട്ട് തേടലുമെന്നും ആക്ഷേപമുണ്ട്.
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളിൽ ഒരാളായി സംഘപരിവാർ പ്രതിനിധിയെ ഉൾപ്പെടുത്തിയതിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. ടി അനൂപ് കുമാറിനെയാണ് ഉൾപ്പെടുത്തിയത്. പ്രതിപക്ഷത്തായിരിക്കെ എതിർത്ത പിഎം ശ്രീ പദ്ധതി ഏതുവിധേനയും നടപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് യുഡിഎഫ് സർക്കാർ.
ഒക്ടോബർ 12നാണ് സ്‌കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയത്. ഇതുപ്രകാരം പൊതുവിദ്യാലയങ്ങളിൽ 30ന് സ്‌കൂൾതല മത്സരങ്ങളും ശനിയാഴ്‌ച സബ്‌ജില്ലാതല മത്സരങ്ങളും നടന്നു. ഇൗ മാസം 22നാണ് ജില്ലാതല മത്സരങ്ങൾ നിശ്‌ചയിച്ചിട്ടുള്ളത്.








0 comments