Deshabhimani

9 പദ്ധതികൾ പൂർത്തിയാക്കാനാകില്ല; കുട്ടികൾക്കുള്ള 
83 കോടി പാഴാകും

Infant Death
avatar
ബിജോ ടോമി

Published on Nov 15, 2026, 01:12 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ ഭിന്നശേഷി കുട്ടികൾക്കുൾപ്പെടെ ചെലവാക്കേണ്ട 83.59 കോടി രൂപ പാഴാകും. മുൻ വർഷങ്ങളിൽ തുടങ്ങിയതും അടുത്ത മാർച്ചിൽ അവസാനിക്കുന്നതുമായ ഒന്പത്‌ പദ്ധതിക്കുള്ള തുക വേണ്ടെന്നുവയ്‌ക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചു. കേന്ദ്ര– സംസ്ഥാന വിഹിതമുള്ള എസ്‌എസ്‌കെയുടെ സ്‌റ്റാഴ്‌സ്‌ പദ്ധതിയിലുള്ളതാണ്‌ ഒഴിവാക്കുന്നവ. പദ്ധതികൾ പൂർത്തിയാക്കാനോ തുടർനടപടിക്കോ സർക്കാർ തയ്യാറാകാത്തതിനാൽ അടിസ്ഥാന സ‍ൗകര്യവികസനത്തിന് ഉപയോഗിക്കേണ്ട തുകയാണ്‌ പാഴാകുക.

മോഡൽ ഓട്ടിസം കോംപ്ലക്‌സ്‌ ഉൾപ്പെടെ സ്‌പിൽ ഓവർ പദ്ധതികളിലാണ്‌ സർക്കാർ നടപടി സ്വീകരിക്കാതിരുന്നത്‌. ഒന്ന്‌, രണ്ട്‌ ക്ലാസിലെ കുട്ടികളുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘നിപുൺ ക്ലാസ്‌ മുറി’ ഉപേക്ഷിക്കുന്നതോടെ 30 കോടിയുടെ പദ്ധതി ഇല്ലാതാകും. മാതൃകാ പ്രീ സ്‌കൂൾ നിർമാണത്തിന്‌ 13 കോടി, മാതൃകാ ബിആർസിക്ക് 18.66 കോടി, മാതൃകാ ഓട്ടിസം കോംപ്ലക്‌സിന് 5.4 കോടി രൂപയും നഷ്‌ടമാകും. നൈപുണ്യ വികസനത്തിനുള്ള വർക്ക്‌ഷോപ്പ് കം ക്ലാസ്സ്മുറികളുടെ 14 കോടി രൂപയും നഷ്ടപ്പെടും. ​സ്‌റ്റാഴ്‌സ്‌ പദ്ധതിയിൽ അക്കാദമിക്‌ മികവിനുള്ള പദ്ധതികളാണ്‌ എൽഡിഎഫ്‌ സർക്കാർ ആദ്യം നടപ്പാക്കിയത്‌. നിർമാണ പ്രവർത്തനങ്ങൾക്ക്‌ മൂന്നുവർഷത്തെ സ്‌പിൽ ഓവർ ലഭിക്കുമായിരുന്നതിനാലാണ്‌ ആദ്യം അക്കാദമിക്‌ പദ്ധതികൾ പരിഗണിച്ചത്‌.

576 കോടി രൂപയുടെ പ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ സ്റ്റാഴ്‌സ്‌ പദ്ധതിയിൽ നടന്നത്‌. ഇതിനുപുറമെ, 2026–27 സാമ്പത്തിക വർഷം 141.97 കോടി രൂപയുടെ സ്‌പിൽഓവർ പദ്ധതികൾക്ക്‌ കേന്ദ്ര അംഗീകാരം ലഭിച്ചു. ഇത്‌ പൂർത്തിയാക്കാനും കഴിയുമായിരുന്നു. എന്നാൽ യുഡിഎഫ്‌ സർക്കാർ അധികാരമേറ്റയുടനെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതും നടപ്പുപ്രവർത്തനം പഠിക്കാത്തതുമാണ്‌ നിലവിലെ അവസ്ഥയിലേക്ക്‌ എത്തിച്ചത്‌. നടപ്പു സാമ്പത്തിക വർഷം ഒരു രൂപയുടെപോലും പ്രവർത്തനം ഈ മേഖലയില്‍ നടന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home