സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേ മാതരം: യുഡിഎഫിന് പ്രശംസയുമായി ആർഎസ്‌എസ് മുഖവാരിക


സ്വന്തം ലേഖകൻ
Published on May 19, 2026, 09:43 PM | 1 min read
ന്യൂഡൽഹി: യുഡിഎഫ് മന്ത്രിസഭ സത്യപ്രതജ്ഞാ വേദിയിൽ വന്ദേ മാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചതിനെ പ്രശംസിച്ച് ആർഎസ്‌എസ് മുഖവാരികയായ ദ ഓർഗനൈസർ. വി ഡി സതീശന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞ പൂർത്തിയാക്കി മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴാണ് ദ ഓർഗനൈസർ വെബ്‌സൈറ്റിൽ പ്രശംസയുമായി രംഗത്തെത്തിയത്. വന്ദേ മാതരം മുഴുവനായും ചൊല്ലിയതിനെത്തുടർന്ന സംഘപരിവാറുകാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകൾ ഉൾപ്പെടുത്തിയാണ് ഓർഗനൈസറിന്റെ വാർത്ത.
ഒരു പതിറ്റാണ്ടിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ വന്ദേ മാതരവും പ്രധാന വേദിയിലെത്തി എന്നതാണ് വാർത്തയുടെ ആദ്യ വരി. കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേ മാതരം മുഴങ്ങി, സമൂഹമാധ്യമങ്ങൾ പുതിയ ഇന്ത്യയെ വാഴ്‌ത്തുകയും കേരളം ഭാരതത്തിന്റെ അവിഭാജ്യ ഘടകമെന്ന് പറയുകയും ചെയ്യുന്നു എന്നാണ് തലക്കെട്ട്. കേരളം ഇന്ത്യയ്‌ക്ക് പുറത്തല്ല എന്ന ഓർമപ്പെടുത്തലാണിത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കേരളം. ഇതാണ് പുതിയ ഇന്ത്യ, ഇതാണ് നരേന്ദ്ര മോദിയുടെ ഇന്ത്യ.
ആത്മാവിശ്വാസമുള്ള ദേശീയതയ്‌ക്ക് മുന്നിൽ പഴയ സ്ഥിതിഗതികൾ തകരുകയാണ് എന്നൊക്കെയുള്ള സംഘപരിവാർ സമൂഹമാധ്യമ പ്രൊഫൈലിൽ വന്ന വാക്കുകൾ വാർത്തയിൽ ഓർഗനൈസറും ആവർത്തിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ദേശീയതയെ പ്രതീകാത്മകമായി ഉറപ്പിക്കുകയാണ് ഇതിലൂടെയെന്ന അഭിപ്രായങ്ങളെയും ഓർഗനൈസർ റിപ്പോർട്ട് ചെയ്യുന്നു. വന്ദേ മാതരം ആലപിച്ച സമയത്ത് മുസ്ലീം ലീഗ് നേതാക്കൾ അസ്വസ്ഥരായിരുന്നുവെന്നും രാഹുൽ ഗാന്ധിക്ക് വന്ദേമാതരം കേൾക്കേണ്ടി വന്നെന്നും ഓർഗനൈസർ എഴുതി. യുഡിഎഫ് മന്ത്രിസഭയുടെ വിശദവിവരങ്ങളും ഓർഗനൈസർ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.










0 comments