print edition ആർഎസ്‌പിയിൽ വീണ്ടും രാജി ; സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർടിവിട്ടു

കൊല്ലം
ഇരവിപുരത്തെ സ്ഥാനാർഥിനിർണയത്തിനു പിന്നാലെയുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ആർഎസ്‌പിയിൽ വീണ്ടും രാജി. സംസ്ഥാന കമ്മിറ്റി അംഗവും യുടിയുസി നേതാവും കാഷ്യു കോർപറേഷൻ മുൻ ബോർഡ് അംഗവുമായ സജി ഡി ആനന്ദാണ് രാജിവച്ചത്. ഇരവിപുരം സ്ഥാനാർഥിനിർണയത്തിനു പിന്നാലെയുണ്ടാകുന്ന രണ്ടാമത്തെ രാജിയാണിത്. കഴിഞ്ഞദിവസം മണ്ഡലം സെക്രട്ടറിയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ എൻ നൗഷാദ് രാജിവച്ചിരുന്നു.
ഷിബു ബേബിജോണിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സജി ഡി ആനന്ദ് പറഞ്ഞു. ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനം അംഗീകരിക്കുകയാണ് സംഘടനാ രീതി. എന്നാൽ, വ്യക്തിതാൽപ്പര്യത്തിനുവേണ്ടി തീരുമാനം അട്ടിമറിക്കുകയാണ് പാർടിയിൽ ഇപ്പോൾ നടക്കുന്നത്. ഇരവിപുരത്ത് സ്ഥാനാർഥിനിർണയത്തിൽ ഭൂരിപക്ഷം ലഭിച്ച കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിച്ചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയാണ് ഷിബു ബേബിജോൺ ചെയ്യുന്നത്. മത്സരിക്കണമെങ്കിൽ കോടികൾ വേണമെന്നാണ് എ എ അസീസ് പറഞ്ഞതെന്നും പണാധിപത്യ പാർടിയായി ആർഎസ്--പി മാറിയെന്നും സജി ഡി ആനന്ദ് പറഞ്ഞു.
ഇരവിപുരത്ത് എൻ കെ പ്രേമചന്ദ്രന്റെ മകനെ മത്സരിപ്പിക്കാനുള്ള നീക്കം ഷിബു ബേബിജോൺ ഇടപ്പെട്ട് തള്ളിയിരുന്നു. പകരം ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്‌ണു മോഹന്റെ പേരാണ് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് പാർടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായത്. എൻ കെ പ്രേമചന്ദ്രന്റെ കുടുംബവാഴ്ചയിലും ഏകാധിപത്യ നടപടിയിലും പ്രതിഷേധിച്ച് രാജിവച്ച ഇല്ലിക്കൽ അഗസ്തിയുടെ നേതൃത്വത്തിൽ ആര്‍എസ്‍പി എംഎല്‍ എന്ന പുതിയ പാർടി കഴിഞ്ഞദിവസം രൂപീകരിച്ചിരുന്നു.










0 comments