ad
Deshabhimani

ആർഎസ്പി നേതാവ് നൗഷാദ് രാജിവെച്ചു; പ്രേമചന്ദ്രന്റെ താൽപര്യം അടിച്ചേൽപ്പിക്കുന്നു; വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞു

RESIGN NOUSHAD
വെബ് ഡെസ്ക്

Published on Feb 28, 2026, 11:05 AM | 2 min read

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ആർഎസ് പി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് പാർട്ടിയിൽനിന്ന് രാജിവെച്ചു. ആർഎസ്പിയിൽനിന്നു കൂടുതൽ രാജി ഉണ്ടാകുമെന്നും നൗഷാദ് പറഞ്ഞു. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞ് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ താൽപ്പര്യപ്രകാരം ഒരു സമവായ സ്ഥാനാർഥിയെ നിശ്ചയിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് നൗഷാദ് പറഞ്ഞു. മകനെ സ്ഥാനാർഥിയാക്കണമെന്ന് പ്രേമചന്ദ​​ന് ദുർവാശിയാണെന്നും നൗഷാദ് പറഞ്ഞു.


ആർഎസ്പി കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് നേതാക്കൾ രാജിക്കൊരുങ്ങുന്നത്. ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും നേതാക്കൾ പരസ്പരം കൊമ്പുകോർത്തു. എൻ കെ പ്രേമചന്ദ്രന്റെ മകനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് ഷിബു ബേബി ജോണും എ എ അസീസും കടുത്ത നിലപാടെടുത്തു. ഒടുവിൽ സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ രാജി ഭീഷണിയുടെ രൂപത്തിൽ സ്വരം കടുപ്പിച്ചപ്പോൾ ഇരവിപുരത്ത് മകൻ കാർത്തിക്കിനെ സ്ഥാനാർഥിയാക്കാനുള്ള കരു നീക്കത്തിൽ നിന്നും എൻ കെ പ്രേമചന്ദ്രൻ പിൻമാറുകയും ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ സ്ഥാനാർഥിയായി ഷിബു പ്രഖ്യാപിക്കുകയും ചെയ്തു.


എണ്ണം നോക്കി തീരുമാനിക്കുകയാണെങ്കിൽ ഞാനങ്ങ് ഇറങ്ങിയേക്കാം എന്നാണ് ഷിബു ബേബിജോൺ വെള്ളിയാഴ്ച കൊല്ലത്ത് ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റിൽ പറഞ്ഞത്. ഇതോടെയാണ് പ്രേമചന്ദ്രൻ വിഭാഗം കാർത്തിക്കിന് വേണ്ടിയുള്ള പിടിവാശിയിൽ നിന്നും അയഞ്ഞത്. സംസ്ഥാന സെക്രട്ടറിയറ്റിൽ കാർത്തിക്കിന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം എം എസ് ഗോപകുമാറിന്റെ പേരും ഉയർന്നു വന്നു. രണ്ടുപേരും മാറിനിൽക്കട്ടെ എന്നു പറഞ്ഞാണ് വിഷ്ണു മോഹന്റെ പേര് ഷിബു പ്രഖ്യാപിച്ചത്.


ഭൂരിപക്ഷം ഉണ്ടായിട്ടും മകൻ കാർത്തിക്കിനെ സ്ഥാനാർഥിയായി തീരുമാനമെടുപ്പിക്കാൻ കഴിയാത്തതിൽ എൻ കെ പ്രേമചന്ദ്രനും കൂട്ടരും കടുത്ത പ്രതിഷേധത്തിലാണ്. തുടർന്ന് സംസ്ഥാന കമ്മറ്റിയിലും ഇരവിപുരത്ത് കാർത്തിക്കിന്റെ പേര് ചില മാധ്യമ പ്രവർത്തകരെ കൂട്ടുപിടിച്ച് ബോധപൂർവം ഉയർത്തി കൊണ്ടുവന്നതിനെതിരെ ചർച്ച നടന്നു. അതിനിടെ സംസ്ഥാന സെക്രട്ടറിയറ്റിൽ പ്രേമചന്ദ്രൻ പൊട്ടിത്തെറിച്ചു. തൻ്റെ മകൻ സ്ഥാനാർഥിയല്ലെന്ന് പറയാൻ എ എ അസീസിനെ നിയോഗിച്ചതാരെന്നും ഈ പാർട്ടിയുടെ ഒരു മുഖമായ എൻ്റെ മകനെ കുറിച്ച് മോശമായി അസീസ് പറഞ്ഞത് ശരിയായില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.ആർഎസ്പി സംസ്ഥാന കമ്മിറ്റിയിലും ചേരിതിരിഞ്ഞ് നേതാക്കൾ ഏറ്റുമുട്ടി.


സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് ആർഎസ്പിയിൽ കൂട്ടരാജി ഉണ്ടാകുമെന്ന് നൗഷാദ് പ്രഖ്യാപിച്ചത്




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home