ബിരുദ സർട്ടിഫിക്കറ്റിന് 4000 രൂപ; വിദ്യാർഥികളെ കൊള്ളയടിച്ച് കാർഷിക സർവകലാശാല


സ്വന്തം ലേഖകൻ
Published on Oct 03, 2026, 12:23 PM | 1 min read
കൽപ്പറ്റ : കാർഷിക സർവകലാശാലയ്‌ക്കുകീഴിലെ അമ്പലവയൽ കാർഷിക കോളേജിൽനിന്ന് ബിരുദ സർട്ടിഫിക്കറ്റിനായി 4000 രൂപ വീതം ഇൗടാക്കുന്നതായി പരാതി. ബിരുദഫലം വൈകിയതിനാൽ, തുടർപഠനത്തിന് അടിയന്തരമായി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടവരോടാണ് 4000 രൂപ അടച്ചാൽ മൂന്നുദിവസത്തിനുള്ളിൽ സർട്ടി-ഫിക്കറ്റ് നൽകാമെന്ന് അറിയിച്ചത്.
കഴിഞ്ഞ വർഷംവരെ സൗജന്യമായാണ് സർട്ടിഫിക്കറ്റ് നൽകിയത്. കോഴ്‌സ് പൂർത്തിയാക്കിയാൽ ഒരുമാസത്തിനകം ഫലം പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതായിരുന്നു രീതി. ഇത്തവണ ജൂലൈയിൽ കോഴ്‌സ് അവസാനിച്ചുവെങ്കിലും ഫലം പ്രഖ്യാപിച്ചത് വ്യാഴാഴ്‌ചയാണ്. ഉപരിപഠനത്തിന് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്റെ വെബ്സൈറ്റിൽ അപേക്ഷിക്കേണ്ട അവസാന തീയതി ശനിയാഴ്‌ചയായിരുന്നു. തിങ്കളാഴ്‌ചക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി സമർപ്പിക്കണം. സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ഫാസ്റ്റ്ട്രാക്ക് സംവിധാനം ഉപയോഗിച്ചാൽ മൂന്നുദിവസത്തിനുള്ളിൽ നൽകാമെന്നായിരുന്നു സർവകലാശാല അറിയിച്ചത്. ഇതിനുള്ള ഫീസായാണ് 4000 രൂപ ആവശ്യപ്പെട്ടത്.
ഏഴുദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 2000 രൂപയും 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 1000 രൂപയും അടയ്‌ക്കണമെന്നാണ് അധികൃതർ പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്റെ വെബ്സൈറ്റിൽ തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനായില്ലെങ്കിൽ വിദ്യാർഥികളുടെ ഒരുവർഷം നഷ്‌ടമാകും.
കഴിഞ്ഞ വർഷം ഫാസ്റ്റ്ട്രാക്ക് സംവിധാനംവഴി വേഗം സർട്ടിഫിക്കറ്റ് ലഭിക്കാൻ 1000 അടച്ചാൽ മതിയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ഫലപ്രഖ്യാപനം വൈകിപ്പിച്ച് ഉപരിപഠനം പ്രതിസന്ധിയിലാക്കിയതിനുപുറമെ സാഹചര്യം മുതലെടുത്ത് സർവകലാശാല കൊള്ളഫീസ് വാങ്ങുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു. സർവകലാശാലയ്‌ക്ക് കീഴിലെ പടന്നക്കാട്, വെള്ളായണി കാർഷിക കോളേജുകളിലും സമാനമായ ചൂഷണമുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു.








0 comments