നമ്മുടെ റോബോട്ടിക് വിദ്യാഭ്യാസ വിപ്ലവം രാജ്യത്ത് വലിയവാർത്ത


സ്വന്തം ലേഖകൻ
Published on Jun 10, 2025, 12:05 AM | 1 min read
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന റോബോട്ടിക് വിദ്യാഭ്യാസം പ്രധാനവാർത്തയാക്കി ദേശീയമാധ്യമങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രം ദൈനിക് ഭാസ്കർ തിങ്കളാഴ്‌ച ഒന്നാം പേജിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വഴി നടപ്പാക്കുന്ന റോബോട്ടിക് വിദ്യാഭ്യാസത്തെക്കുറിച്ച് വാർത്ത നൽകിയത്. ഹിന്ദിക്കുപുറമേ മറാഠി, ഗുജറാത്തി ഭാഷകളിലും പത്രം പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചു. കുട്ടികളുടെ പ്രതികരണമടക്കം തേടിയാണ് വാർത്ത.
മെയ് 26ന് ടൈംസ് ഓഫ് ഇന്ത്യ ദേശീയതലത്തിൽ വിഷയത്തിൽ വിദ്യാഭ്യാസ ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. സിഎൻഎൻ –- ന്യൂസ് 18 പത്തു മിനിറ്റ് ദൈർഘ്യമുള്ള വാർത്തയും നൽകി. പത്താം ക്ലാസിലെ ഐസിടി പാഠപുസ്തകത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റോബോട്ടിക് വിദ്യാഭ്യാസം ഉൾപ്പെടുത്തിയത്. സർക്യൂട്ട് നിർമാണം, സെൻസറുകളുടെയും ആക്ചുവേറ്ററുകളുടെയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണം തുടങ്ങിയവ പഠിപ്പിക്കും.
കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഏഴാം ക്ലാസിൽ കുട്ടികൾക്ക് നിർമിതബുദ്ധി പഠനം സാധ്യമാക്കിയിരുന്നു. സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം മാർച്ചിൽ പൂർത്തിയാക്കി. പ്രായോഗിക പ്രശ്നങ്ങൾക്ക് നൂതന സംവിധാനങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ കുട്ടികളെ തയ്യാറാക്കുംവിധമാണ് പുതിയ റോബോട്ടിക്സ് പഠനരീതി.










0 comments