Deshabhimani

വലുതാണ്‌ ആശ്വാസം ; റോഡപകട മരണങ്ങളിൽ 
രണ്ടാം വർഷവും കുറവ്‌

accidents
avatar
സുജിത്‌ ബേബി

Published on Jan 11, 2025, 01:10 AM | 1 min read


കോഴിക്കോട്‌

റോഡപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ സർക്കാരും മോട്ടോർ വാഹനവകുപ്പുമെടുത്ത നടപടി ഫലപ്രാപ്തിയിലേക്ക്‌. തുടർച്ചയായ രണ്ടാം വർഷവും റോഡപകട മരണത്തിൽ കുറവുണ്ടായി. എഐ കാമറയടക്കമുള്ള സംവിധാനം വന്നതിന്റെ ഗുണസൂചനകൂടിയാണ്‌ കണക്ക്‌.


കഴിഞ്ഞ ഒരുവർഷം സംസ്ഥാനത്താകെ 3714 പേർക്കാണ്‌ റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്‌. 2023ൽ ഇത്‌ 4080ഉം 2022ൽ 4317ഉം ആയിരുന്നു.

കഴിഞ്ഞ ഒമ്പത്‌ വർഷത്തിനിടെ, കോവിഡ്‌ മഹാമാരി പടർന്നുപിടിച്ച 2020, 2021 വർഷങ്ങളിൽ മാത്രമായിരുന്നു അപകട മരണം നാലായിരത്തിൽ താഴെയെത്തിയത്‌. 2020ൽ 2979, 21ൽ 3429 എന്നിങ്ങനെയായിരുന്നു കണക്ക്‌. 2016ൽ 4287, 2017ൽ 4131, 2018ൽ 4303 2019ൽ 4440 പേരുമാണ്‌ മരിച്ചത്‌.


റോഡപകടങ്ങളുടെ എണ്ണത്തിലും 2023നെ അപേക്ഷിച്ച്‌ കഴിഞ്ഞ വർഷം കുറവുണ്ടായി. 48,091 വാഹനാപകടങ്ങൾ 2023ൽ കേരളത്തിലുണ്ടായി. 2024ൽ അത്‌ 44,938 ആയി ചുരുങ്ങി. 54,320 പേർക്ക്‌ 2023ൽ പരിക്കേറ്റപ്പോൾ 2024ൽ 50,290 ആയി.


വർധിച്ചുവരുന്ന റോഡപകടം കുറയ്‌ക്കാനുള്ള ആലോചനയുടെ ഭാഗമായാണ്‌ എഐ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്‌. ഗതാഗത നിയമലംഘനങ്ങളും അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങും വലിയതോതിൽ കുറയ്ക്കാൻ ഇതോടെ സാധിച്ചുവെന്നാണ്‌ വിലയിരുത്തൽ.




deshabhimani section

Related News

0 comments
Sort by

Home