റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിക്ക് ക്രൂര മർദനം; സിസ്റ്റർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്തെ പുനരധിവാസ കേന്ദ്രത്തിൽ ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് നേരെ ക്രൂരമായ മർദനമെന്ന് പരാതി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
സംഭവത്തിൽ തിരുവനന്തപുരത്തെ ബഥാനിയ റിഹാബിലിറ്റേഷൻ സെന്ററിന് എതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ സിസ്റ്റർ ജിൻസി, രണ്ട് ജീവനക്കാർ എന്നിവർക്കെതിരെയാണ് നടപടി.
അമ്മയെ ഫോണിൽ വിളിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതിനാണ് പെൺകുട്ടിയെ ജീവനക്കാർ ക്രൂരമായി ഉപദ്രവിച്ചത്. കരണത്തടിക്കുകയും കൈകാലുകൾ കെട്ടിയിട്ട് മർദിക്കുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു.
മർദനത്തെ തുടർന്ന് തലചുറ്റി വീണ കുട്ടിയെ ചവിട്ടുപടിയിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. പെൺകുട്ടിയുടെ നാട്ടിലെ സ്റ്റേഷനായ ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സംഭവം നടന്നത് തിരുവനന്തപുരത്തായതിനാൽ കേസ് തുടർനടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.









0 comments