നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസിടിവി, മർദനം; യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

വിശാഖ
താനെ: വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ അമ്പർനാഥിലാണ് സംഭവം. 26-കാരിയായ വിശാഖ എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് നിതിൻ തിൽക്കറിനെ കൂടാതെ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം വിശാഖ നിരന്തരം മർദനത്തിന് ഇരയായിട്ടുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് വിശാഖയുടെ ഭർത്താവും ഭർതൃ വീട്ടുകാരും അറസ്റ്റിലായത്.
ഏപ്രിൽ 30 നായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് ഇരുവരും തമ്മിൽ നല്ല സൗഹൃദമായിരുന്നുവെന്നും എന്നാൽ വിവാഹത്തിന് പിന്നാലെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് വിശാഖയുടെ കുടുംബം ആരോപിച്ചു. വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങളിൽ സംതൃപ്തരല്ലെന്നും, കൂടുതൽ സ്വർണാഭരണങ്ങളും പണവും ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടതായും പറയുന്നു.
കൂടാതെ ഡോ.നിതിൻ തിൽക്കർ ഭാര്യയെ നിരീക്ഷിക്കുന്നതിനായി വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായും കുടുംബം വെളിപ്പെടുത്തി. അയൽക്കാരുമായി സംസാരിച്ചാൽ പോലും വിശാഖ മൃഗീയ മർദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും ആരോപിച്ചു. ഭർതൃവീട്ടിലെ മർദനം സംബന്ധിച്ച് വിശാഖ അമ്മയോട് സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിശാഖയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ അതിന് മുമ്പുതന്നെ മരണവാർത്തയെത്തിയെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.










0 comments