ഓണത്തിന് കൈപൊള്ളും; കുതിച്ചുയർന്ന് അരി വില: വിപണിയിൽ ഇടപെടാതെ യുഡിഎഫ് സർക്കാർ

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : വിപണിയിൽ ഇടപെടാൻ സംസ്ഥാന സർക്കാർ തയ്യാറാകാഞ്ഞതോടെ ഓണാഘോഷങ്ങൾക്ക് ചെലവേറും. ഓണത്തിനും നബിദിനത്തിനും ആഴ്ചകൾമാത്രം ബാക്കി നിൽക്കെ അരിയും പഞ്ചസാരയും പയർവർഗങ്ങളും അടക്കമുള്ള ആവശ്യവസ്തുക്കൾക്ക് വില കുത്തനെ കൂടി. ഏറ്റവുമധികം ഡിമാൻഡുള്ള അരികൾക്ക് അഞ്ച് രൂപ മുതൽ 20 രൂപ വരെ കൂടി. ഒരു മാസത്തിനിടെ വൻ വർധനയാണുണ്ടായിരിക്കുന്നത്. സർക്കാർ വിപണിയിൽ ഇടപെടാത്തതിനാൽ വില വർധന തുടരുകയാണ്. സ്ഥിതി തുടർന്നാൽ ഓണമാകുമ്പോഴേക്ക് വില ഇനിയും വർധിച്ചേക്കാം.
പൊന്നി അരി, മട്ടയരി, ജയ, കുറുവ, സുലേഖ തുടങ്ങി ജനപ്രിയ ഇനങ്ങളുടെയെല്ലാം വിലയിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മൊത്ത വിതരണ കേന്ദ്രങ്ങളിൽ ആന്ധ്ര ജയയ്ക്ക് 42 രൂപയുണ്ടായിരുന്നത് 45 ആയി, കർണാടക വടി മട്ടയ്ക്ക് 55 രൂപയിൽനിന്ന് 58 രൂപയായി. കർണാടക പച്ചരിയുടെ വില 29.50 രൂപയിൽ നിന്ന് 32 രൂപയായും, തമിഴ്‌നാട് കുറുവയുടെ വില 34 രൂപയിൽനിന്ന് 40 രൂപയായും ഉയർന്നു. 44 രൂപയുണ്ടായിരുന്ന സിംഗിൾ മട്ടയ്‌ക്കും ഡബിൾ മട്ടയ്‌ക്കും 47 രൂപ കൊടുക്കണം. 50 രൂപയുണ്ടായിരുന്ന ജ്യോതി മട്ടയുടെ വില 57 ആയി. ജയ അരിക്ക് 40 രൂപയുണ്ടായിരുന്നത് 45 ആയി. ഒഡീഷ കുറുവ അരിക്ക് 34 രൂപയായിരുന്നത് 40 രൂപയായി. ആന്ധ്ര സുലേഖയ്ക്ക് 42 രൂപയായിരുന്നത് 49 രൂപയായി. തെലങ്കാന സോന മസൂരി ഇനത്തിനാണ് ഏറ്റവും വലിയ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. 45 രൂപയുണ്ടായിരുന്ന ഈ അരിയുടെ വില നിലവിൽ 65 രൂപയായാണ് കുതിച്ചുയർന്നത്. വൻഡിമാൻഡുള്ള ടൈഗർ മാർക്ക് പൊന്നി അരിക്ക് 12 രൂപയാണ് വർധിച്ചത് 45 രൂപയുണ്ടായിരുന്ന അരിക്ക് 55–57 രൂപയാണ് ഇപ്പോൾ വില. ചില്ലറ വിപണിയിൽ ഉപഭോക്താക്കൾ ഇതിലും അധികം നൽകേണ്ടി വരും.
പെട്രോൾ– ഡീസൽ വില അടിക്കടി വർധിപ്പിക്കുന്നതും ഇന്ത്യയിൽനിന്ന് അരി കയറ്റുമതിക്കുള്ള നിബന്ധനകൾ കേന്ദ്രസർക്കാർ നീക്കിയതും വില വർധനവിന് കാരണമായി. അരിയുമായി വരുന്ന ഒരു ട്രക്കിന് മൂന്ന് മാസംമുമ്പ് കൊടുത്തതിനേക്കാൾ 10000 മുതൽ 20000 രൂപവരെ വാടകയാണ് നിലവിൽ മൊത്തക്കച്ചവടക്കാർ നൽകേണ്ടത്. തമിഴ്‌നാട്, ഒറീസ, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ പ്രധാനമായും അരി ഇറക്കുമതി ചെയ്‌തിരുന്നത്. ഒറീസയിൽനിന്ന് അരി വൻതോതിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതും പ്രതിസന്ധിയായി. വിലക്കയറ്റം നിയന്ത്രിക്കാൻ മുൻകാലങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കിയതാണ് കയറ്റുമതി വർധിക്കാൻ കാരണം. കയറ്റുമതി തീരുവ ഒഴിവാക്കിയതും വലിയ തിരിച്ചടിയായി.
പഞ്ചസാരയ്ക്ക് ഒറ്റയടിക്ക് രണ്ടര രൂപ കൂടി. ഇതിനേക്കാൾ ഏറെ തിരിച്ചടിയായിരിക്കുന്നത് കോഴിത്തീറ്റക്കും കാലിത്തീറ്റക്കും ഉണ്ടായ വർധനയാണ്. അഞ്ചു മുതൽ 8 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായി. ഇത്ര വലിയ വർധനയുണ്ടായിട്ടും സർക്കാർ വിപണിയിൽ ഇടപെടാത്തതിൽ പ്രതിഷേധം ശക്തമാണ്.










0 comments