അരി വില താങ്ങില്ല; ഹോട്ടലുകള്‍ പട്ടിണിയാകും

തിരുവനന്തപുരം : അരി വില കുതിച്ചുയർന്ന സാഹചര്യത്തിൽ കേരളത്തിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. മുമ്പെങ്ങുമില്ലാത്ത വിധം കൂടിയ വിലയ്ക്ക് അരി വാങ്ങി കച്ചവടം നടത്താന്‍ പ്രയാസമായതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. എഥനോൾ ഉത്പാദനം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് പിന്നാലെയാണ് അരി വില ഗണ്യമായി ഉയർന്നത്.
ഊണ്, ബിരിയാണി, പ്രഭാതഭക്ഷണം തുടങ്ങിയ വിഭവങ്ങളാണ് ഹോട്ടലുകള്‍ളുടെ പ്രധാന വരുമാന സ്രോതസ്. എന്നാൽ, വില വർധനവും അരിക്ഷാമവും കാരണം കച്ചവടം കുറയുകയാണെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞു. മൂന്ന് മാസത്തിനിടയിൽ ഇരട്ടിയിലധികമാണ് അരി വില കൂടിയത്. വിപണിയിലെ വില വർധനവിനനുസരിച്ച് ഭക്ഷണവില കൂട്ടാൻ വ്യാപാരികൾ നിർബന്ധിതരാകുന്നു. എന്നാൽ കച്ചവടം കുറയുമെന്ന ഭയത്താൽ നിലവിൽ വില കൂട്ടാനും കഴിയുന്നില്ല. നിലവിൽ അവധി ദിവസങ്ങളിലും ഉത്സവ സീസണുകളുമൊഴികെ കടകളിൽ കച്ചവടം വളരെ കുറവാണെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
ബിരിയാണി ഉണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന കൈമ അരിക്കും വില കുത്തനെ ഉയർന്നിരിക്കുകയാണ്. ബിരിയാണി മാത്രം വിൽക്കുന്ന ചെറിയ ഹോട്ടലുകളെ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ടെന്ന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജി ജയപാൽ പറഞ്ഞു. വില വർധിപ്പിക്കാതെ കച്ചവടം തുടരാനാവാത്ത അവസ്ഥയാണ്. എന്നാൽ ജനങ്ങൾ അകൽച്ച കാണിക്കുമെന്ന പേടിയിൽ പെട്ടെന്ന വില കൂട്ടാനും നിവൃത്തിയില്ല.
അരി വില മാത്രമല്ല പച്ചക്കറിയ്ക്കും വില കുതിച്ചുയരുകയാണ്. വില കൂട്ടാതെ ഹോട്ടൽ മേഖലയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. പല ഉടമകൾക്കും കട വാടക കൃത്യമായി അടയ്ക്കാൻ കഴിയാതെ വരുന്നു. ലോൺ എടുത്താണ് പലരും കച്ചവടം നടത്തുന്നത്. അവർക്ക് ലോൺ തുക തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. പലർക്കും അധികമായി വായ്പയെടുക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട്. ഹോട്ടലുകളിലെ ജീവനക്കാർക്ക് പോലും കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ലെന്ന് ജി ജയപാൽ പറഞ്ഞു. തുടർച്ചയായ വില വർധന ചെറുകിട ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.








0 comments