ad
Deshabhimani

print edition പരിഷ്‌കരിച്ച പുസ്‌തകങ്ങൾ തയ്യാർ; എസ്‌എസ്‌എൽസി പരീക്ഷയ്‌ക്കുമുമ്പ്‌ പ്ലസ്‌ വൺ പുസ്‌തകമെത്തും

TEXTBOOK IMAGE
avatar
ബിജോ ടോമി

Published on Feb 02, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ഓണം എത്ര നേരത്തെ എത്തിയാലും കുട്ടികളുടെ കൈയിൽ പാഠപുസ്‌തകമുണ്ടാകും. യുഡിഎഫ്‌ കാലത്തെപ്പോലെ തെരുവിൽനിന്ന്‌ ഫോട്ടോകോപ്പി പെറുക്കിയെടുക്കേണ്ട ഗതികേട്‌ ഒരു വിദ്യാർഥിക്കും ഉണ്ടാകില്ലെന്ന ഉറപ്പ്‌ അടുത്ത അധ്യയനവർഷവും തെറ്റില്ല. എസ്‌എസ്‌എൽസി പരീക്ഷ അവസാനിക്കും മുമ്പേ പ്ലസ്‌ വൺ ക്ലാസുകളിലെ പുസ്‌തകങ്ങൾ സ്‌കൂളിലെത്തും. ഹയർസെക്കൻഡറി പാഠപുസ്‌തക പരിഷ്‌കരണത്തിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ കാലോചിതമായി പുതുക്കിയ പുസ്‌തകങ്ങളാണ്‌ വിദ്യാർഥികളിൽ എത്തുക. പരിഷ്‌കരിച്ചവയ്‌ക്ക്‌ ഇ‍ൗ മാസം രണ്ടാം വാരത്തിൽ ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നൽകും. 20ന്‌ പുതിയവ പ്രകാശിപ്പിക്കുമെന്ന്‌ എസ്‌സിഇആർടി ഡയറക്‌ടർ ഡോ. ആർ കെ ജയപ്രകാശ്‌ പറഞ്ഞു. പ്ലസ്‌ വണിലെ 41 ടൈറ്റിലുകളിലുള്ള പുസ്‌തകങ്ങളാണ്‌ പരിഷ്‌കരിച്ചത്‌.


ഇ‍ൗ വർഷം 4.17 ലക്ഷം കുട്ടികളാണ്‌ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌. ഇവരിൽ 3.5 ലക്ഷത്തിലധികം പേർ പ്ലസ്‌ വൺ പഠനത്തിനെത്തും. കേരളത്തിൽ എൻസിഇആർടിയുടെയും എസ്‌സിഇആർടിയുടെയും പാഠപുസ്‌തകങ്ങളാണ്‌ ഹയർസെക്കൻഡറിയിൽ പഠിപ്പിക്കുന്നത്‌. സയൻസ്‌, ഹിസ്‌റ്ററി, മാത്‌സ്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾക്കാണ്‌ എൻസിഇആർടി പാഠപുസ്‌തകം. എന്നാൽ മലയാളം ഉൾപ്പെടെയുള്ള ഭാഷകൾ, ഗാന്ധിയൻ സ്‌റ്റഡീസ്‌, ജേർണലിസം ഉൾപ്പെടെയുള്ള വിഷയങ്ങൾ എന്നിവയ്‌ക്ക്‌ എസ്‌സിഇആർടിയാണ്‌ പുസ്‌തകം തയ്യാറാക്കുന്നത്‌. പ്ലസ്‌ ടു വിഭാഗം പുസ്‌തകങ്ങളുടെ പരിഷ്‌കരണവും ആരംഭിച്ചു. 2013ലാണ്‌ അവസാനമായി ഹയർസെക്കൻഡറി പാഠപുസ്‌തകം പരിഷ്‌കരിച്ചത്‌.


കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ഒമ്പതാം ക്ലാസ്‌ പരീക്ഷ കഴിയുന്നതിന്‌ മുമ്പ്‌ പത്തിലെ പുസ്‌തകങ്ങളും കുട്ടികളുടെ കൈയിലെത്തും. ഇതടക്കമുള്ളവ അതാത്‌ ജില്ലാ ടെക്‌സ്റ്റ്‌ ബുക്ക്‌ ഹബ്ബുകളിൽ എത്തിത്തുടങ്ങി. കേരള ബുക്ക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻ സൊസൈറ്റിയുടെ (കെബിപിഎസ്‌) നേതൃത്വത്തിലാണ്‌ പുസ്‌തകങ്ങൾ എത്തിച്ചത്‌. ഇവിടെനിന്ന്‌ സ്‌കൂൾ സൊസൈറ്റികൾ വഴി കുട്ടികളിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home