ലഹരിയുമായി റവന്യൂ ഉദ്യോഗസ്ഥൻ പിടിയിലായ സംഭവം; അന്വേഷണം സിനിമ മേഖലയിലേക്ക്

ആലപ്പുഴ: ഹോംസ്‌റ്റേയിൽനിന്ന് ലഹരി വസ്തുക്കളുമായി റവന്യൂ ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്നുപേർ പിടിയിലായ സംഭവത്തിൽ അന്വേഷണം സിനിമ മേഖലയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. പിടിയിലായ അമ്പലപ്പുഴ താലൂക്ക് റവന്യു റിക്കവറി ഓഫീസിലെ ഇൻസ്‌ട്രക്ടർ ആലപ്പുഴ കൊറ്റംകുളങ്ങര മാളിയേക്കൽ സജേഷിന് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇയാൾക്കൊപ്പം പിടിയിലായ കോഴിക്കോട് സ്വദേശി അമൽദേവ് 2020ൽ 45 എൽഎസ്‌ഡി സ്റ്റാമ്പുകളുമായി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായിരുന്നു. പിടിയിലായ മൂന്നാമൻ കോട്ടയം കോടിമത സ്വദേശി എബ്രഹാം മാത്യു ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.
സംഘത്തിന്റെ കേന്ദ്രം കൊച്ചിയാണെന്നും ചലച്ചിത്ര മേഖലയിലെ രാസലഹരി വ്യാപാരവുമായും ബന്ധമുണ്ടെന്നുമാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
വ്യാഴം രാത്രിയിലാണ് മാരാരിക്കുളം റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഹോംസ്‌റ്റേയിൽനിന്ന് ഇവർ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. 20 ഗ്രാം കൊക്കെയ-്‌ൻ, ഏഴ് ലഹരി സ്ട്രിപ്പ് എന്നിവ ഇവരിൽനിന്ന് കണ്ടെടുത്തു.










0 comments