print edition വിലക്കയറ്റം രൂക്ഷം ഇടപെടാൻ ആളില്ല

സ്വന്തം ലേഖിക
Published on Nov 27, 2026, 02:04 AM | 1 min read
തിരുവനന്തപുരം : പച്ചക്കറിയുൾപ്പെടെ അവശ്യസാധന വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടുമ്പോഴും വിപണിയിൽ ഇടപെടാതെ യുഡിഎഫ് സർക്കാർ. സവാളയ്‌ക്ക് ഓണക്കാലത്ത് കിലോയ്‌ക്ക് 45 രൂപയായിരുന്നെങ്കിൽ മൂന്നുമാസംകൊണ്ട് 65ലെത്തി. ചെറിയ ഉള്ളിക്കാണ് വൻകുതിപ്പ്. 80 രൂപയായിരുന്നത് ഇരട്ടിയായി വർധിച്ച് 160 ആയി. വള്ളിപ്പയറിന് 60 രൂപയായിരുന്നത് എൺപതിലെത്തി. സ്‌കൂൾ ഉച്ചഭക്ഷണവിതരണം മുതൽ കാറ്ററിങ് വ്യവസായവും ഹോട്ടലുകളുംവരെ കടുത്ത പ്രതിസന്ധിയിലാണ്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിവരവ് കുറഞ്ഞു. നെല്ലുൽപ്പാദനത്തിൽ ഇടിവുണ്ടായതും വിലക്കയറ്റത്തിന് കാരണമായി. മുൻവർഷങ്ങളിൽ ഇൗ പ്രതിസന്ധികളുണ്ടായപ്പോൾ പൊതുവിതരണസംവിധാനം വഴി കൂടുതൽ അരിയെത്തിച്ചും ഹോർട്ടികോർപ് വഴി വലിയതോതിൽ പച്ചക്കറി സംഭരിച്ച് കുറഞ്ഞ വിലയ്‌ക്ക് വിതരണം ചെയ്തുമാണ് എൽഡിഎഫ് സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തിയിരുന്നത്. ശബരിമല സീസൺ അടുപ്പിച്ച് പച്ചക്കറിആവശ്യകത വർധിക്കുമെന്ന് അറിഞ്ഞിട്ടും വിപണിയിടപെടൽ ഉണ്ടായില്ല.
സവാള, ഉള്ളി വില നിയന്ത്രിക്കാൻ 35 രൂപയ്‌ക്ക് സവാള ലഭ്യമാക്കുമെന്ന പ്രഖ്യാപനവും പരാജയപ്പെട്ടിരുന്നു. ആവശ്യത്തിന് സവാള എത്തിക്കാത്തതിനുപുറമേ ഇറക്കുമതി ചെയ്‌ത 30 ടൺ ചീഞ്ഞതുമായിരുന്നു. എൽഡിഎഫ് ഭരണകാലത്ത് 2019, 2020 കാലത്ത് സവാളയ്‌ക്ക് വില കുതിച്ചപ്പോൾ മഹാരാഷ്‌ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കർഷകരിൽനിന്ന് സർക്കാർ നേരിട്ട് സംഭരിച്ച് സംസ്ഥാനത്ത് കുറഞ്ഞ വിലയ്‌ക്ക് വിതരണം ചെയ്‌താണ് വിപണിയിൽ ഇടപെട്ടത്.









0 comments