print edition ജന്മനാ ഗർഭപാത്രമില്ലാത്തവർക്കുള്ള ഭിന്നശേഷി സംവരണം റദ്ദാക്കി

തിരുവനന്തപുരം: ജന്മനാ ഗർഭപാത്രമില്ലാത്ത സ്ത്രീകൾക്കുള്ള ഭിന്നശേഷി സംവരണം റദ്ദാക്കി യുഡിഎഫ് സർക്കാർ. മനുഷ്യാവകാശ കമീഷൻ നിർദേശമനുസരിച്ച് 2017 നവംബർ 18ന് എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് റദ്ദാക്കിയത്. പഴയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അസാധുവാക്കി. വൈകല്യങ്ങൾ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്ന് ചൂണ്ടിക്കാണിച്ചാണിത്.
ഗർഭപാത്രമില്ലാത്ത മകൾക്കുവേണ്ടി മലപ്പുറം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഭിന്നശേഷി സംവരണം നൽകാൻ ഉത്തരവിട്ടത്. 50ശതമാനം വൈകല്യമുള്ളവരാണെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ് സർക്കാർ ഭിന്നശേഷി സർട്ടിഫിക്കറ്റും സൗജന്യയാത്ര, പെൻഷൻ ആനുകൂല്യങ്ങളും നൽകി. കേന്ദ്രത്തിന്റെ യുഡിഐഡി കാർഡ് സംവിധാനം വന്നതോടെ തടസ്സങ്ങൾ നേരിട്ടു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഡിസബിലിറ്റി പട്ടികയിലെ 21 വിഭാഗത്തിൽ ജന്മനാ ഗർഭപാത്രം ഇല്ലാത്ത സ്‌ത്രീകൾ ഉൾപ്പെട്ടില്ല. സർക്കാർ ജോലികളിലെ സംവരണത്തിന് സംസ്ഥാന സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ പലരും ശ്രമിച്ചെങ്കിലും കേന്ദ്രനിയമം വെല്ലുവിളിയായി. കേന്ദ്രത്തിന്റെ വിജ്ഞാപനം തേടുന്നതിനുപകരം നിരവധി സ്ത്രീകൾക്ക് കിട്ടിയിരുന്ന ആനുകൂല്യം റദ്ദാക്കുകയാണ് യുഡിഎഫ് സർക്കാർ.










0 comments