യു ഷറഫലിക്ക് പ്രതിഫലമായി രണ്ട് കോടി നൽകിയെന്ന വാർത്ത വ്യാജം: ആന്റോ അഗസ്റ്റിൻ

യു ഷറഫലി, ആന്റോ അഗസ്റ്റിൻ
തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനം നടപ്പാക്കാൻ സ്വീകരിച്ച നടപടിയുടെ പ്രതിഫലമായി സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു ഷറഫലിക്ക് രണ്ട് കോടി നൽകിയെന്ന വാർത്തകൾ വ്യാജമെന്ന് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറിയിച്ചു. അർജന്റീന ഫുട്ബോൾ അസോസിയേഷനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും തമ്മിലുള്ള കരാറിൽ ഷറഫലി സാക്ഷിയായി ഒപ്പിട്ടിട്ടുണ്ട്. എന്നാൽ ആ ഒപ്പിന് പ്രതിഫലമായി ഷറഫലിയുടെ നോവസ് സോക്കർ അക്കാദമിക്ക് രണ്ട് കോടി രൂപ നൽകിയെന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്. നോവസ് സോക്കർ അക്കാദമി തന്റെ കൂടി കമ്പനിയാണെന്നും, ആ കമ്പനിയിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ളത് തന്റെ കമ്പനിക്കാണെന്നും ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
നോവസ് സോക്കർ അക്കാദമി സ്ഥാപിച്ചത് ഷറഫലിയാണ്. കേരളത്തിലെ പ്രമുഖ കായികതാരങ്ങൾ അഡ്വൈസറി ബോർഡിലുള്ള ഒരു കായിക സംരംഭമാണത്. കേരളത്തിലെ കായികരംഗത്തിന്റെ വളർച്ചയ്ക്കും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും സഹായിക്കുന്ന ഈ സംരംഭത്തിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ താൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് രണ്ട് കോടി രൂപ നിക്ഷേപിച്ചത്. ആ പണം കമ്പനിയുടെ ആവശ്യങ്ങൾക്കായി വിനിയോഗിച്ചു.
കമ്പനിയുടെ ഓഹരി ഉടമകൾ ആരാണെന്ന് മാധ്യമങ്ങൾക്ക് അന്വേഷിക്കാമായിരുന്നു. ഒരു ബിസിനസ് നിക്ഷേപത്തെ ദുരൂഹ ഇടപാടാക്കി ചിത്രീകരിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുത്. അന്വേഷണത്തിന്റെ പേരിൽ കെട്ടുകഥകൾ വാർത്തയാക്കരുത്. വ്യാജവാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു.








0 comments