Deshabhimani

ഇ എം രാധ പുരോഗമന ചിന്തകളുടെ വെളിച്ചം തെളിയിച്ച വ്യക്തിത്വം: എം വി ഗോവിന്ദൻ

E M Radha M V Govindan

ഇ എം രാധ, എം വി ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Nov 22, 2026, 09:00 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് പുരോഗമന ചിന്തകളുടെ വെളിച്ചം തെളിയിച്ച വ്യക്തിത്വമാണ് ഇ എം രാധയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുസ്മരിച്ചു.


എഴുത്തുകാരിയായും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയായും സ്ത്രീ മുന്നേറ്റത്തിന്റെ കരുത്തായും ജീവിതത്തിലുടനീളം നിലകൊള്ളാൻ അവർക്കായി. അനശ്വരനായ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ഇഎംഎസിന്റെ അവസാനത്തെ കണ്ണിയെയാണ് ഇ എം രാധയുടെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു.


നേരത്തെ ആർസിസിയിൽ ചികിത്സയിലായിരുന്നപ്പോഴും ശസ്ത്രക്രിയ നടത്തിയ സന്ദർഭത്തിലും ഒടുവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നപ്പോഴും ഇ എം രാധയെ സന്ദർശിച്ചിരുന്നു. ചിലപ്പോഴെല്ലാം നേരിട്ട് സംസാരിക്കുകയും ചെയ്തു. അവസാന സമയങ്ങളിൽ അവർക്ക് സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.


ഇ എം രാധയെ ചെറുപ്പകാലം തൊട്ട് അടുത്ത് പരിചയപ്പെട്ടിരുന്നു. പാർടി ഏൽപിച്ച എല്ലാ ചുമതലകളും അത്യധികം മികവോടെയും ഫലപ്രദമായും നിറവേറ്റിയ അവരുടെ പ്രവർത്തനം മാതൃകാപരമാണ്. വനിതാ കമീഷനിലെയും വയോജന കമീഷനിലെയും പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഫലപ്രദമായി ഇടപെടുവാൻ ഇ എം രാധയ്ക്ക് സാധിച്ചു. അവരുടെ ജീവിതപങ്കാളിയായ സി കെ ഗുപ്തൻ വിദ്യാർഥി കാലഘട്ടം മുതൽ സംഘടനാ രംഗത്ത് പ്രവർത്തിച്ച വ്യക്തിത്വം കൂടിയാണ്. ദേശാഭിമാനിയുമായി ഇ എം രാധയ്ക്ക് ദീർഘകാലത്തെ ബന്ധമുണ്ടായിരുന്നു. രണ്ടര പതിറ്റാണ്ടോളം ദേശാഭിമാനിയുടെ ഭരണനിർവഹണ വിഭാഗത്തിൽ പ്രവർത്തിച്ചു.


രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ മനുഷ്യപക്ഷത്തു നിലകൊണ്ട് നിരന്തരമായ ഇടപെടലുകൾ നടത്താൻ ഇ എം രാധയ്ക്ക് സാധിച്ചു. എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും തന്റേതായ ഇടം സൃഷ്ടിച്ചു. ഇഎംഎസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന 'ഇ എം എസ്–മകളുടെ ഓർമകൾ' എന്ന പുസ്തകം ഇ എം രാധയുടെ എഴുത്തുമികവിനെ കൂടി അടയാളപ്പെടുത്തുന്നതാണെന്നും എം വി ഗോവിന്ദൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home