23 വർഷത്തെ യുഎൻ സേവനത്തിന് വിരാമം; ഡോ. മുരളി തുമ്മാരകുടി വിരമിക്കുന്നു

ഡോ. മുരളി തുമ്മാരകുടി
കൊച്ചി: 23 വർഷത്തെ ഐക്യരാഷ്ട്ര സഭാ സേവനത്തിനുശേഷം മലയാളിയായ ഡോ. മുരളി തുമ്മാരകുടി വിരമിക്കുന്നു. നിലവിൽ ജർമനിയിലെ ബോണിൽ യുഎൻ കൺവെൻഷൻ ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ ആസ്ഥാനത്ത്, ഭൂശോഷണം തടയുന്നതിനുള്ള ജി20 ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ഡയറക്ടറാണ് അദ്ദേഹം.
പെരുമ്പാവൂരിനടുത്ത് വെങ്ങോല സ്വദേശിയായ അദ്ദേഹം 12ന് നാട്ടിലെത്തും. മൂന്നുവർഷംകൂടി സർവീസ് ശേഷിക്കെയാണ് വിരമിച്ചത്.
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിങ് കോളേജിൽനിന്ന് ബിടെക്കും കാൺപൂർ ഐഐടിയിൽനിന്ന് എംടെക്കും പരിസ്ഥിതി എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടിയ തുമ്മാരുകുടി, 1995 മുതൽ 2003 വരെ ബ്രൂണെയിലും ഒമാനിലും ഷെൽ ഗ്രൂപ്പ് കമ്പനികളുടെ പരിസ്ഥിതി ഉപദേഷ്ടാവായിരുന്നു. 2003- മുതൽ യുഎൻ പരിസ്ഥിതി പ്രോഗ്രാമിൽ പോസ്റ്റ് കോൺഫ്ലിക്റ്റ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗം ഓപ്പറേഷൻസ് മാനേജരായി. പോസ്റ്റ് -ക്രൈസിസ് എൻവയോൺമെന്റ് മാനേജ്മെന്റ് വിദഗ്‌ധൻ എന്ന നിലയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ 2004-ലെ സുനാമി, മ്യാൻമറിലെ നർഗീസ് ചുഴലിക്കാറ്റ്, സിച്ച്വാൻ ഭൂകമ്പം, ഹെയ്തി ഭൂകമ്പം, ജപ്പാനിലെ ടോഹോക്കു സുനാമി, തായ്‌ലൻഡ് പ്രളയം, അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ, ലെബനൻ, ഗാസ, ലൈബീരിയ, സുഡാൻ, റുവാണ്ട യുദ്ധങ്ങൾ തുടങ്ങിയ ദുരന്തമുഖങ്ങളിലെല്ലാം യുഎൻ ദൗത്യമേറ്റെടുത്ത് പ്രവർത്തിച്ചു.
2018 ലെ പ്രളയത്തിനുശേഷം കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ തുമ്മാരുകുടി യുഎൻഇപിയെ പ്രതിനിധീകരിച്ചു. പ്രളയശേഷവും കോവിഡ് വ്യാപനകാലത്തും മുൻ എൽഡിഎഫ് സർക്കാർ കൈക്കൊണ്ട നടപടികളെ അദ്ദേഹം അഭിനന്ദിച്ചിരുന്നു.









0 comments